Site icon Ente Koratty

അങ്കണവാടി കുട്ടികള്‍ക്കുള്ള ഭക്ഷണം വീട്ടിലെത്തിച്ച് തുടങ്ങി

സംസ്ഥാനത്ത് കോവിഡ് 19 രോഗബാധ കണ്ടെത്തിയ സാഹചര്യത്തില്‍ വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള അങ്കണവാടി കുട്ടികള്‍ക്കുള്ള ഭക്ഷണം ഉള്‍പ്പെടെയുള്ള ഐ.സി.ഡി.എസ്. സേവനങ്ങള്‍ വീട്ടിലെത്തിച്ച് തുടങ്ങി. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഇത് നടപ്പിലാക്കിയത്. സംസ്ഥാനത്ത് 33,115 അങ്കണവാടികളിലെ 3.75 ലക്ഷത്തോളം വരുന്ന അങ്കണവാടി കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതുകൂടാതെ 3 ലക്ഷത്തോളം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും 2 ലക്ഷത്തോളം കൗമാര പ്രായക്കാര്‍ക്കും 4.75 ലക്ഷത്തോളം മൂന്നുവയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കും നേരത്തെതന്നെ പോഷകാഹാരങ്ങള്‍ വീട്ടിലെത്തിച്ച് വരുന്നുണ്ട്. ഇതോടെ 13.5 ലക്ഷത്തോളം പേര്‍ക്കാണ് ഐ.സി.ഡി.എസ്. സേവനങ്ങള്‍ വീട്ടിലെത്തിക്കുന്നത്.

ജില്ലാ വനിത ശിശുവികസന ഓഫീസറുടെ ഏകോപനത്തില്‍ പ്രോഗ്രാം ഓഫീസര്‍മാര്‍, സി.ഡി.പി.ഒ.മാര്‍, സൂപ്പര്‍ വൈസര്‍മാര്‍ എന്നിവരാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കുന്നത്. അങ്കണവാടികള്‍ക്ക് അവധി നല്‍കിയ സാഹചര്യത്തില്‍ അവരുടെ വളര്‍ച്ചയ്ക്കാവശ്യമായ പോഷകാഹാരങ്ങള്‍ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്‌ക്കരിച്ചത്.

Exit mobile version