Site icon Ente Koratty

ഹെലികോപ്റ്റർ അപകടത്തിൽ പരിക്ക് പറ്റിയ എം എ യൂസഫലിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

കൊച്ചി: ഹെലികോപ്റ്റർ അപകടത്തിൽ പരുക്ക് പറ്റിയ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ലുലു ഗ്രൂപ്പ് വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. നട്ടെല്ലിനാണ് ശസ്ത്രക്രിയ നടത്തിയത്. ഏപ്രിൽ 13ന് അബുദാബി ബുർജിൽ ആശുപത്രിയിൽ വെച്ചായിരുന്നു ശസ്ത്രക്രിയ. ജർമനിയിൽ നിന്നുള്ള പ്രശസ്ത ന്യൂറോ സർജൻ പ്രൊഫസർ ഡോക്ടർ ഷവാർബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

ശസ്ത്രക്രിയയ്ക്കു ശേഷം അദ്ദേഹം സുഖം പ്രാപിച്ച് വരുന്നതായി ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ അറിയിച്ചു. ഹെലികോപ്റ്റർ അപകടത്തെ തുടർന്നാണ് അടിയന്തിര ശസ്ത്രക്രിയ വേണ്ടി വന്നത്.

അബുദാബി ബുർജിൽ ആശുപത്രി ഉടമയും യൂസഫലിയുടെ മരുമകനുമായ ഡോക്ടർ ഷംസീർ വയലിലാണ് ഹെലികോപ്റ്റർ അപകടത്തെ തുടർന്ന് യൂസഫലിയെയും കുടുംബത്തെയും അബുദാബി രാജകുടുംബം അയച്ച പ്രത്യേത വിമാനത്തിൽ അബുദാബിയിലേക്ക് എത്തിച്ച് തുടർചികിത്സ ഏകോപിപ്പിക്കുന്നത്.

ഞായറാഴ്ചയാണ് പ്രമുഖ വ്യവസായി എം എ യൂസഫലിയും ഭാര്യയും യാത്ര ചെയ്തിരുന്ന ഹെലികോപ്റ്റര്‍ സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കിയത്. എറണാകുളത്തെ പനങ്ങാടുള്ള ഒരു ചതുപ്പിലാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്‌. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ആറു പേരായിരുന്നു ഇതിലുണ്ടായിരുന്നത്. ആർക്കും അപകടം ഒന്നുമുണ്ടായിരുന്നില്ല.

ഹെലികോപ്റ്റർ സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് ഗ്രൗണ്ടിൽ എത്തുന്നതിനു തൊട്ടു മുൻപ് സർവീസ് റോഡിനോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിലെ ചതുപ്പിലേക്കാണ് ഇടിച്ചിറക്കിയത്. എം എ യൂസഫലി ഉൾപ്പെടെയുള്ളവർ ലേക്ക് ഷോര്‍ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാന്‍ വരുകയായിരുന്നു.

ജനവാസ മേഖലയ്ക്കു മുകളിൽ വച്ചാണ് ഹെലികോപ്റ്ററിന് തകരാർ സംഭവിച്ചത്. സമീപത്തു കൂടെ ഹൈവേ കടന്നു പോകുന്നുണ്ട്. ചതുപ്പുനിലത്ത് ഇടിച്ചിറക്കിയതിനാലാണ് വൻ അപകടം ഒഴിവായത്. ചതുപ്പില്‍ ഭാഗികമായി പൂഴ്ന്ന നിലയിലായിരുന്നു ഹെലികോപ്റ്റർ. അപകടത്തെ തുടർന്ന് യൂസഫലിയെയും ഭാര്യയെയും എറണാകുളം ലേക്ക് ഷോർ ആശുപത്രിയിലേക്കാണ് ആദ്യം മാറ്റിയത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന അധികൃതർ അറിയിച്ചിരുന്നു. പിന്നാലൊണ് ഇവർ യുഎഇയിലേക്ക് മടങ്ങിയത്.

Exit mobile version