Site icon Ente Koratty

ആഴക്കടല്‍ മത്സ്യബന്ധനം; തുടര്‍നടപടികള്‍ക്ക് വ്യവസായ വകുപ്പ് നീക്കം നടത്തിയതായി രേഖകള്‍

ആഴക്കടല്‍ മത്സ്യബന്ധന ഇടപാട് സംബന്ധിച്ച ആരോപണത്തിന് ശേഷവും മന്ത്രിസഭയുടെ അനുമതിക്കായി വ്യവസായ വകുപ്പ് നീക്കം നടത്തിയതിന്‍റെ രേഖകള്‍ പുറത്ത്. പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ച അതേ ദിവസം വൈകിട്ട് തന്നെ ധാരണാപത്രം തുടർനടപടികൾക്കായി മന്ത്രിസഭയ്ക്കു മുൻപാകെ സമർപ്പിക്കാൻ വ്യവസായവകുപ്പ് നടപടി തുടങ്ങിയിരുന്നുവെന്നാണ് ഇ- രേഖകള്‍ വ്യക്തമാക്കുന്നത്.

ഇ.എം.സി.സിയുടെ അപേക്ഷ മന്ത്രിസഭയുടെ അനുമതിക്കായി എന്ന വിഷയത്തോടെ വ്യവസായവകുപ്പിലെ അസിസ്റ്റന്‍റ് അലക്‌സ് ജോസഫാണ് ഫെബ്രുവരി 19ന് ഉച്ചയ്ക്ക് 3.30ന് ഇ -ഫയല്‍ തുറന്നത്. തുടര്‍ന്ന് തിടുക്കപ്പെട്ട് മന്ത്രി ഇ.പി ജയരാജന്‍റെ പ്രൈവറ്റ് സെക്രട്ടറി കെ. രാധാകൃഷ്ണന്‍ പരിശോധിച്ച ഫയല്‍ 20ന് തന്നെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ഇളങ്കോവനു കൈമാറി. എന്നാല്‍ ആരോപണങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നതോടെ ഫയല്‍നീക്കം നിര്‍ത്തി വച്ചു.

രേഖകൾ പുറത്തുവന്നതോടെ പ്രതിപക്ഷത്തിന്‍റെ ആരോപണം ശരിയാണെന്ന് തെളിഞ്ഞുവെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഫെബ്രുവരി രണ്ടാം വാരമാണ് ഇ.എം.സി.സി പ്രതിനിധികള്‍ സെക്രട്ടേറിയറ്റിലെത്തി മന്ത്രി ഇ.പി.ജയരാജനെ കണ്ടത്. മന്ത്രിസഭയുടെ അംഗീകാരം വാങ്ങാന്‍ നടപടിയെടുക്കണമെന്നായിരുന്നു അപേക്ഷ. ഇതിന് പിന്നാലെ ആരംഭിച്ച നീക്കങ്ങള്‍ 19ന് ഫയലായി മാറ്റിയപ്പോള്‍ ആരോപണം ഇത്രത്തോളം വളരുമെന്ന് സര്‍ക്കാര്‍ കരുതിയില്ല. മന്ത്രിമാര്‍ ഒന്നും അറിഞ്ഞിരുന്നില്ലെന്ന വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നത് കൂടിയാണ് ഇ- രേഖകള്‍.

Exit mobile version