Site icon Ente Koratty

ഇന്നു മുതൽ മെമു സർവീസ്: ജനറൽ, സീസൺ ടിക്കറ്റുകൾ റെയിൽവെ സ്റ്റേഷന‌ിൽ നിന്നെടുക്കാം

കൊച്ചി: ഇന്നു മുതൽ മെമു സർവീസുകൾ പുനരാരംഭിക്കും. ജനറൽ ടിക്കറ്റും സീസൺ ടിക്കറ്റും ട്രെയിൻ കടന്നു പോകുന്ന സ്റ്റേഷനുകളിൽ നിന്നും ലഭിക്കുമെന്നു റെയിൽവേ അറിയിച്ചു. ഇതിനായി ഇന്നു മുതൽ സ്റ്റേഷനുകളിൽ കൗണ്ടറുകൾ തുറന്നു പ്രവർത്തിക്കും.

17 മുതൽ അൺറിസർവ്ഡ് കോച്ചുകളുമായി സർവീസ് നടത്തുന്ന ഗുരുവായൂർ-പുനലൂർ-ഗുരുവായൂർ (06327/06328) എക്സ്പ്രസ് നിർത്തുന്ന എല്ലാ സ്റ്റേഷനുകളിലും അന്നു മുതൽ ജനറൽ ടിക്കറ്റും സീസൺ ടിക്കറ്റും ലഭിക്കും. യുടിഎസ് ഓൺ മൊബൈൽ സേവനം പുനഃസ്ഥാപിച്ചിട്ടില്ല.

നിലവിൽ സർവീസ് നടത്തുന്ന മറ്റെല്ലാ ട്രെയിനുകളിലും യാത്ര ചെയ്യാൻ മുൻകൂട്ടി റിസർവ് ചെയ്യണമെന്ന നിബന്ധന തുടരും. സീസൺ ടിക്കറ്റ് യാത്രക്കാരുടെ സൗകര്യാർഥം ദക്ഷിണ റെയിൽവേ റീവലിഡേഷൻ സൗകര്യം അനുവദിച്ചിട്ടുണ്ട്.കഴിഞ്ഞ മാർച്ച് 24ന് ശേഷം വലിഡിറ്റി ഉണ്ടായിരുന്ന സീസൺ ടിക്കറ്റുകൾക്കാണു ഈ സൗകര്യം.

ലോക്ഡൗൺ മൂലം ട്രെയിൻ സർവീസുകൾ നിർത്തി വച്ച ദിവസത്തിനു ശേഷം സീസൺ ടിക്കറ്റിൽ എത്ര ദിവസം വലിഡിറ്റി ബാക്കി ഉണ്ടായിരുന്നോ, മാർച്ച് 15 അടിസ്ഥാനമാക്കി അത്രയും ദിവസം പുതിയ സീസൺ ടിക്കറ്റിൽ വലിഡിറ്റിയായി അനുവദിക്കും. കൊല്ലം–ആലപ്പുഴ, ആലപ്പുഴ–എറണാകുളം, എറണാകുളം–ഷൊർണൂർ മെമു സർവീസുകളാണ് ഇന്നു പുനരാരംഭിക്കുന്നത്. 5 സർവീസുകൾ നാളെയും മറ്റന്നാളുമായി പുനരാരംഭിക്കും.

Exit mobile version