കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പിയുടെ ആഴക്കടൽ യാത്രയുടെ പൂർണ രൂപം പുറത്തിറക്കി യൂട്യൂബ് വ്ലോഗ് ചാനലായ ഫിഷിങ് ഫ്രീക്സ്. രാഹുൽ ഗാന്ധിയുടെയും സംഘത്തിന്റെയും യാത്ര രസകരമായി തന്നെയാണ് ഫിഷിങ് ഫ്രീക്സ് അവതരിപ്പിച്ചത്. വ്ലോഗർ സെബിൻ സിറിയക്കും സുഹൃത്തുക്കളും ചേർന്നുള്ള ആഴക്കടൽ യാത്രയിലാണ് അതിഥിയായി രാഹുൽ ഗാന്ധി എത്തിയത്.
തങ്ങൾക്കൊപ്പം യാത്ര ചെയ്യാൻ എത്തുന്നത് രാഹുൽ ഗാന്ധിയാണെന്ന കാര്യം മത്സ്യത്തൊഴിലാളികളോട് മുൻകൂട്ടി പറയാതെ സസ്പെൻസ് ആക്കി വെച്ചാണ് വ്ലോഗർ സംഘം ഹാർബറിലെത്തുന്നത്. മത്സ്യബന്ധനത്തിന്റെ തുടർന്നുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി പുലര്‍ച്ചയോടെയാണ് രാഹുൽ എത്തുന്നത്. തോക്കുധാരിയായ സുരക്ഷാ ഉദ്യോഗസ്ഥനൊപ്പം എത്തിച്ചേർന്ന അതിഥിയെ കണ്ടതും എല്ലാവരുടെ മുഖത്തും അന്ധാളിപ്പ്. മാസ്ക് മാറ്റിയതോടെയാണ് അതിഥി ആരാണെന്ന് സഹയാത്രക്കാര്‍ക്ക് മനസ്സിലായത്.
രാഹുൽ ഗാന്ധിയുടെ കടൽ യാത്രയും മീൻ പിടുത്തവുമെല്ലാം നേരത്തെ തന്നെ മാധ്യമങ്ങളിലൂടെ പുറത്തെത്തിയിരുന്നുവെങ്കിലും പൂർണരൂപം വെെകീട്ട് യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കുകയായിരുന്നു. യാത്രക്കിടെ മത്സ്യബന്ധനത്തെ കുറിച്ചും, മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളെ കുറിച്ചുമെല്ലാം രാഹുൽ ഗാന്ധി ചോദിച്ച് മനസ്സിലാക്കുകയുണ്ടായി. മത്സ്യത്തൊഴിലാളികളെ കുറിച്ചും മത്സ്യബന്ധനത്തെ കുറിച്ചുമെല്ലാം നേരിട്ട് മനസ്സിലാക്കാനാണ് ആഴക്കടൽ യാത്ര ചെയ്തതെന്നും രാഹുൽ വീഡിയോയിൽ പറയുന്നു. മത്സ്യത്തൊഴിലാളികൾ കടുത്ത വിവേചനം നേരിടുന്നതായും അദ്ദേഹം യാത്രക്കൊടുവിൽ പറഞ്ഞു.