കേരളത്തിലേക്ക് കടത്താനായി തമിഴ്നാട് തിരുവള്ളൂരിൽ സൂക്ഷിച്ച വൻ സ്പിരിറ്റ് ശേഖരം പിടി കൂടി. തിരുവള്ളൂർ വെങ്കലിൽ സ്വകാര്യ ഗോഡൗണിൽ സൂക്ഷിച്ച പത്തൊൻപതിനായിരത്തോളം ലിറ്റർ സ്പിരിറ്റാണ് പിടി കൂടിയത്. സംഭവത്തിൽ ഏഴു പേരെ അറസ്റ്റു ചെയ്തു. മൂന്നു പേർ ഓടി രക്ഷപ്പെട്ടു. എറണാകുളം സ്വദേശികളുടേതാണ് സ്പിരിറ്റ് ഗോഡൗൺ എന്നാണ് സൂചന.
കേരളത്തിലേക്ക് കടത്താനുള്ള സ്പിരിറ്റ്, തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ സംഭരിച്ചു വെക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് തിരുവള്ളൂർ ജില്ലയിലെ വെങ്കലിൽ നിന്നും വൻ സ്പിരിറ്റ് ശേഖരം പിടി കൂടിയത്.
ഇവിടുത്തെ ഒരു ഗോഡൗണിൽ നിന്നും കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 18620 ലിറ്റർ സ്പിരിറ്റാണ് പിടിച്ചെടുത്തത്. 35 ലിറ്ററിന്റെ 532 കന്നാസുകളിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. റെയ്ഡിൽ ഗോഡൗണിൽ ഉണ്ടായിരുന്ന ഏഴു തമിഴ്നാട് സ്വദേശികളെ അറസ്റ്റ് ചെയ്തു.
മൂന്നു മലയാളികൾ ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടതായി എക്സൈസ് ഇന്റലിജൻസ് വ്യക്തമാക്കി. അമ്പത്തൂർ സ്വദേശികളായ വെങ്കിടേഷ്, രാജ്കുമാർ, ബാബു, തിരുവള്ളൂർ സ്വദേശികളായ രവി, ഭക്തവചലം, ചെന്നൈ സ്വദേശി ദയാലൻ എന്നിവരാണ് പിടിയിലായത്.
എറണാകുളം സ്വദേശികളുടേതാണ് ഗോഡൗൺ എന്നാണ് സൂചന. ഇവർക്കായി തിരച്ചിൽ ആരംഭിച്ചു. തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലേക്ക് കടത്താനിരുന്ന സ്പിരിറ്റാണ് ഇതെന്ന് അധികൃതർ പറഞ്ഞു.
സമീപകാലത്ത് നടന്ന വൻ സ്പിരിറ്റ് വേട്ടയാണ് ഇത്. പിടികൂടിയ സ്പിരിറ്റും കേസിലെ പ്രതികളെയും തമിഴ്നാട് പൊലീസിന് കൈമാറി. ഇന്റലിജൻസ് ഇൻസ്പെക്ടർ വി അനൂപ്, പ്രിവന്റീവ് ഓഫീസർ സെന്തിൽ, സത്താർ തുടങ്ങിയവർ റെയ്ഡിന് നേതൃത്വം നൽകി.