തൃശൂര്‍: വൈദ്യുത വിതരണ രംഗത്ത് സ്വയം പര്യാപ്തമാവുകയാണ് കേരളത്തിന്റെ ലക്ഷ്യമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. ഇതിനായി ആധുനിക രീതിയിലുള്ള വിതരണ സമ്പ്രദായം വികസിപ്പിച്ചെടുക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ചാലക്കുടി 220 കെ വി സബ് സ്റ്റേഷന്റെയും ജോലിക്കാര്‍ക്കുള്ള പാര്‍പ്പിട സമുച്ചയത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
നമുക്ക് ലഭ്യമായ സ്രോതസ്സുകള്‍ ഉപയോഗിച്ച് വൈദ്യുതിയുടെ ഉത്പാദനം കൂട്ടാന്‍ കഴിയണം. പുറമേ നിന്നും വൈദ്യുതി വാങ്ങുന്നതിന് അളവ് കുറച്ച് ലഭ്യമായ വൈദ്യുതി പാഴാക്കാതെ ഉപയോഗിക്കാനും നമുക്ക് കഴിയണം. ഇതിനായി പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. എല്‍ ഇ ഡി ബള്‍ബുകളും ട്യൂബുകളും മറ്റും ഉപയോഗിക്കുന്ന ശീലം വളര്‍ത്തിയെടുക്കണം.
ഊര്‍ജ്ജത്തിന്റെ അല്ലെങ്കില്‍ വൈദ്യുതിയുടെ ഉപയോഗം നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. വൈദ്യുതിയുടെ ഉപയോഗം ഒഴിവാക്കി നമുക്ക് മുന്നോട്ടുപോവുക എന്നത് അസാധ്യമായ കാര്യവും. എന്നാല്‍ നമുക്ക് ആവശ്യമായ ഊര്‍ജ്ജം ഇവിടെ ഇല്ല എന്നുള്ള വസ്തുത നാം തിരിച്ചറിയേണ്ടതുണ്ട്. കേരളത്തില്‍ ആവശ്യമുള്ളതിന്റെ 35 ശതമാനം വൈദ്യുതി ഊര്‍ജം മാത്രമാണ് നാം ഇവിടെ നിര്‍മിക്കുന്നത്. ഇതിനായി പ്രധാനമായും ആശ്രയിച്ചു വരുന്നത് ജലവൈദ്യുത പദ്ധതികളെയാണ്.
ജലവൈദ്യുത ഊര്‍ജ്ജ ഉല്പാദനത്തോടൊപ്പം സൗരോര്‍ജ്ജത്തിന്റെ സാധ്യതകളും നമ്മള് മനസ്സിലാക്കണം. സൗരോര്‍ജ്ജം ശരിയായി ഉപയോഗപ്പെടുത്തി ശേഖരിച്ചുവെച്ച് ഉപയോഗിക്കുന്ന രീതി വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. അനാവശ്യമായി വൈദ്യുതി ഉപയോഗിക്കുന്ന ശീലം ഉപേക്ഷിച്ച് ശരിയായ ഒരു വൈദ്യുത ഉപയോഗ സംസ്കാരം വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.