Site icon Ente Koratty

മുല്ലപ്പെരിയാര്‍ അടക്കം ഇന്ത്യയിലെ ആയിരത്തിലേറെ ഡാമുകള്‍ ലോകത്തിന് ഭീഷണിയാകുമെന്ന് യു.എന്‍

കേരളത്തിലെ മുല്ലപ്പെരിയാര്‍ ഡാമടക്കം രാജ്യത്ത് ആയിരത്തിലധികം അണക്കെട്ടുകൾ ഭീഷണിയായി ഉയർന്നു വരുന്നുവെന്ന് ഐക്യരാഷ്ട്ര സഭയുടെ(യു.എന്‍) റിപ്പോർട്ട്. 2025ഓടെ ഇന്ത്യയിലെ ആയിരത്തിലധികം ഡാമുകൾ ലോകത്തിന് തന്നെ ഭീഷണിയാകുമെന്നാണ് യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

വലിയ കോൺക്രീറ്റ് അണക്കെട്ടുകളുടെ ശരാശരി ആയുസ് 50 വര്‍ഷമാണെന്ന് കണക്കാക്കിയാണ് യു.എൻ ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. യു.എൻ സർവകലാശാലയുടെ ‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ എൻവയോൺമെന്‍റ്’ ആൻഡ് ഹെൽത്തിന്‍റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

നൂറിലധികം വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് ഭൂകമ്പസാധ്യതാ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നതെന്നും ഘടനാപരമായ പ്രശ്നങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അണക്കെട്ട് തകർന്നാൽ 35 ലക്ഷം പേർ അപകടത്തിലാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2025 എത്തുന്നതോടെ 50 വർഷം പഴക്കമെത്തുന്ന 1115ലേറെ വലിയ അണക്കെട്ടുകൾ ഇന്ത്യയിലുണ്ട്. 2050ഓടെ ഇത് 4250 എണ്ണമാവും. ഇരുപതാം നൂറ്റാണ്ടിലെപ്പോലെ മറ്റൊരു ‘അണക്കെട്ട് നിർമാണവിപ്ലവം’ ലോകത്ത് ഇനി ഉണ്ടാവാന്‍ സാധ്യതയില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Exit mobile version