Site icon Ente Koratty

‘എല്ലാം എന്‍റെ തെറ്റ്, ഭാര്യ മടങ്ങിവന്നാൽ സ്വീകരിക്കും’

കൊല്ലം: എട്ടു മാസം പ്രായമുള്ള കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ചു കൊട്ടിയം സ്വദേശിനിയായ യുവതി മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയ സംഭവത്തിൽ വഴിത്തിരിവ്. താൻ അപമാനിക്കുകയും മർദ്ദിക്കുകയും ചെയ്തതിനാലാണ് ഭാര്യ ഇറങ്ങിപ്പോയതെന്ന് യുവതിയുടെ ഭർത്താവ് മുനീർ പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുനീർ ഇക്കാര്യം പറഞ്ഞത്.

കൊട്ടിയം സ്വദേശിനിയായ അൻസിയാണ് വാട്സാപ്പ് കൂട്ടായ്മയിലെ അംഗമായ യുവാവിനൊപ്പം ഒളിച്ചോടിയത്. എല്ലാം തന്‍റെ തെറ്റാണെന്നും ഭാര്യ മടങ്ങിയെത്തിയാൽ സ്വീകരിക്കാൻ തയ്യാറാണെന്നും മുനീർ പറയുന്നു. ഭാര്യ ഇറങ്ങിപ്പോയ ദിവസം വൈകിട്ട് താനുമായി വഴക്ക് ഉണ്ടായിരുന്നു. വീട്ടിലെ ചില കാര്യങ്ങളെ ചൊല്ലിയാണ് വഴക്കുണ്ടായത്. വാക്കുതർക്കത്തിനൊടുവിൽ ഭാര്യയെ മർദ്ദിക്കുകയും ചെയ്തതായി മുനീർ പറയുന്നു. ആ ദിവസം രാത്രിയാണ് ഭാര്യ ഒളിച്ചോടിയതെന്നും ഇദ്ദേഹം വ്യക്തമാക്കി.

തന്‍റെ കുഞ്ഞ് ദിവസങ്ങളായി മുലപ്പാൽ പോലും കുടിക്കാതെയിരിക്കുകയാണ്. അതുകൊണ്ടുതന്നെ മടങ്ങിയെത്തിയാൽ ഭാര്യയെ ഇരുകൈയുംനീട്ടി സ്വീകരിക്കാൻ തയ്യാറാണെന്നും മുനീർ പറഞ്ഞു. വഴക്കുണ്ടായപ്പോൾ, അപ്പോഴുണ്ടായ ദേഷ്യത്തിന് വിവാഹ മോചനം വേണമെന്നും അഭിഭാഷകനെ കാണണമെന്നും താൻ പറഞ്ഞിരുന്നു. ഇതിലുള്ള ദേഷ്യത്തിലാണ് അൻസി, വാട്സാപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോയത്. അൻസിയുടെ സഹോദരി റംസി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിലെ അംഗവും നെടുമങ്ങാട് സ്വദേശിയുമായ സഞ്ജുവിനൊപ്പമാണ് യുവതി ഒളിച്ചോടിയത്.

ഒളിച്ചോടിയ യുവതി പിന്നീട് പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും ഭർത്താവിനൊപ്പം പോകാൻ തയ്യാറല്ലെന്ന് അറിയിച്ചിരുന്നു. മറ്റൊരു വിവാഹം കഴിക്കാനാണ് യുവതി മുനീറിനോട് ആവശ്യപ്പെട്ടത്. പിന്നീട് റിമാൻഡ് ചെയ്തശേഷം യുവതിയെ ജയിലിലേക്കു വിളിച്ചപ്പോഴും ഇക്കാര്യം തന്നെ തുടർന്നു. എന്നാൽ അതൊക്കെ അപ്പോഴത്തെ ദേഷ്യം കൊണ്ടാണെന്നും, അൻസിക്ക് തന്നോട് സ്നേഹക്കുറവില്ലെന്നുമാണ് മുനീർ പറയുന്നത്. ‘ആരൊക്കെ അവളെ തള്ളി പറഞ്ഞാലും എനിക്കറിയാം അവള്‍ ചെയ്തത് തെറ്റല്ല എന്ന്. ഒരിക്കലും സഞ്ചുവുമായി അരുതാത്ത ബന്ധങ്ങളൊന്നും അവൾക്ക് ഉണ്ടാകില്ല. എല്ലാം എന്നോടുള്ള ദേഷ്യംകൊണ്ട് പറയുന്നതാണ്- മുനീര്‍ പറഞ്ഞു.

സഹോദരിയുടെ ആത്മഹത്യയിൽ നീതി ഉറപ്പാക്കുന്നതിനുവേണ്ടിയാണ് അൻസി ഉൾപ്പടെ മുൻകൈയെടുത്ത് ജസ്റ്റിസ് ഫോർ റംസി എന്ന പേരിൽ വാട്സാപ്പ് കൂട്ടായ്മ രൂപീകരിച്ചത്. ഇതിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ളവർ അംഗങ്ങളായിട്ടുണ്ട്. ഗ്രൂപ്പിന്‍റെ തുടക്കം മുതൽ ഉണ്ടായിരുന്ന സഞ്ജീവ് വളരെ സജീവമായ അംഗമായിരുന്നു.അൻസിയുമായി വ്യക്തിപരമായി സഞ്ജു ചാറ്റ് ചെയ്തിരുന്നു. രണ്ടു മാസം മുന്‍പാണ് അന്‍സിയും സഞ്ജുവും പ്രണയത്തിലാകുന്നതെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു. റംസിയുടെ മരണം സംബന്ധിച്ച് പല പ്രതിഷേധ പരിപാടികളിലും സഞ്ജു കൊട്ടിയത്ത് എത്തി പങ്കെടുത്തിട്ടുണ്ട്. നെടുമങ്ങാട് പി.എസ്.സി കോച്ചിങ് സെന്ററില്‍ വിദ്യാർഥിയാണ് സഞ്ജു. പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചപ്പോൾ ഒരുമിച്ചു ജീവിക്കാനാണ് താൽപര്യമെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു. കുഞ്ഞിനെ ഉപേക്ഷിച്ചു പോയതുകൊണ്ടാണ് അൻസിയെ ബാലാവകാശ നിയമപ്രകാരം റിമാൻഡ് ചെയ്തത്.

ജനശ്രദ്ധ ആകർഷിച്ച റംസി മരണക്കേസ് ലോക്കൽ പൊലീസിൽനിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. റംസി ആത്മഹത്യ ചെയ്ത കേസിൽ സീരിയൽ നടി ലക്ഷ്മി പ്രമോദ് ഉൾപ്പെടെ മുൻകൂർ ജാമ്യം നേടുകയും ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് സഹോദരിയായ ആൻസിയെ കാണാതായതായി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതും പിന്നീട് കണ്ടെത്തുന്നതും.

Exit mobile version