കണ്ണൂർ: ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൽ മൂർഖൻ പാമ്പ് പത്തി വിടർത്തി. പാമ്പിനെ കണ്ടതോടെ സ്കൂട്ടർ വേഗം കുറച്ചു യുവാക്കൾ ചാടി രക്ഷപെടുകയായിരുന്നു. കണ്ണൂർ മട്ടന്നൂരിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ബേക്കറി ജീവനക്കാരനായ നിഹാലും സഹപ്രവർത്തകനായ ഷഹീറുമാണ് തലനാരിഴയ്ക്ക് പാമ്പിന്റെ കടിയേൽക്കാതെ രക്ഷപെട്ടത്.
വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. മട്ടന്നൂർ ഉരുവച്ചാലിലെ സൌഭാഗ്യ ബേക്കറിയിലെ ജീവനക്കാരനാണ് നിഹാലും ഷഹീറും. ഇരുവരും ഉരുവച്ചാലിൽനിന്ന് മട്ടന്നൂരിലേക്കു യാത്ര ചെയ്യുകയായിരുന്നു. നിഹാലാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. വേഗം കുറച്ചു പോകുന്നതിനിടെയാണ് സ്കൂട്ടറിന് മുന്നിലെ ലൈറ്റ് ബോക്സിൽനിന്ന് പാമ്പ് പത്തി വിടർത്തിയത്. വാഹനം ഓടിച്ചിരുന്ന നിഹാലിന് നേരെ എതിർദിശയിലാണ് പാമ്പ് തലപൊക്കിയത്.
പാമ്പിനെ കണ്ടു ഭയന്നു പോയ നിഹാലും ഷഹീറും സ്കൂട്ടർ വേഗം കുറച്ചു ചാടി രക്ഷപെടുകയായിരുന്നു. ഇരുവരുടെയും ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി. സ്കൂട്ടർ പരിശോധിച്ചപ്പോൾ പാമ്പ് വീണ്ടും ലൈറ്റ് ബോക്സിനുള്ളിലേക്കു കയറി പോയിരുന്നു. പിന്നീട് സ്കൂട്ടർ വെട്ടിപ്പൊളിച്ചാണ് പാമ്പിനെ പിടികൂടിയത്. ഇതിനിടെ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ജീവനക്കാരും സ്ഥലത്തെത്തിയിരുന്നു.
പിടികൂടിയ പാമ്പിനെ വനംവകുപ്പ് ജീവനക്കാർക്ക് കൈമാറുകയായിരുന്നു. പാമ്പിനെ വനത്തിൽ വിടുമെന്ന് ജീവനക്കാർ അറിയിച്ചു. ബേക്കറിക്കു മുന്നിൽ പാർക്ക് ചെയ്തപ്പോൾ പാമ്പ് സ്കൂട്ടറിനുള്ളിൽ കയറി കൂടിയതാകാമെന്നാണ് നിഹാൽ പറയുന്നത്. ബേക്കറിക്കു സമീപത്തെ കാടുപിടിച്ചുകിടക്കുന്ന സ്ഥലത്തുനിന്നായിരിക്കും പാമ്പ് വന്നതെന്നും പറയപ്പെടുന്നു.