ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ് നടത്തുന്ന വിവിധ പദ്ധതികള്‍ക്ക് 1.10 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഗവേഷണവും വികസനവും പുനരധിവാസത്തിന്, ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പരിശോധനയും രജിസ്‌ട്രേഷനും ഉറപ്പാക്കല്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള അദാലത്തുകളും സിറ്റിങ്ങുകളും സംഘടിപ്പിക്കുക, ബോധവത്ക്കരണം എന്നിവയ്ക്കാണ് തുക അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ സമ്പൂര്‍ണ പുനരധിവാസം ഉറപ്പുവരുത്തുന്നതിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി രൂപീകരിച്ച സ്ഥാപനമാണ് ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാന കമ്മീഷണറേറ്റ്. 2016ലെ റൈറ്റ്‌സ് ഓഫ് പേഴ്‌സണ്‍സ് വിത്ത് ഡിസബിലിറ്റീസ് ആക്ട് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നതിനും ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനും ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാന കമ്മീഷണറേറ്റ് വിവിധ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. കേരളത്തിലെ 10 ലക്ഷത്തിലധികം വരുന്ന ഭിന്നശേഷിക്കാരുടെ സമ്പൂര്‍ണ പുനരധിവാസം ഉറപ്പാക്കുക, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ മുഖേന നടത്തുന്ന ക്ഷേമ പദ്ധതികള്‍ ഏകോപിക്കുക, അവരുടെ പരാതികളില്‍മേല്‍ തീര്‍പ്പ് കല്‍പ്പിക്കുക, ഭിന്നശേഷിക്കാര്‍ക്ക് അവകാശപ്പെട്ട തൊഴില്‍ സംവരണങ്ങള്‍ അനര്‍ഹരായവര്‍ കവര്‍ന്നെടുക്കില്ല എന്ന് ഉറപ്പ് വരുത്തുക എന്നിവയും ഭിന്നശേഷിക്കാര്‍ക്കുള്ള കമ്മീഷണറേറ്റ് ലക്ഷ്യം വയ്ക്കുന്നു.