പത്തനംതിട്ട: അയൽവാസിയുടെ മർദ്ദനത്തിനത്തിനിരയായ 89 കാരിയുടെ ബന്ധുവിനെ വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ അധിക്ഷേപിച്ചെന്നു പരാതി. കമ്മീഷൻ സിറ്റിംഗ് മാറ്റുന്നത് സംബന്ധിച്ച് ഫോൺ ചെയ്തപ്പോഴാണ് ’89കാരി തള്ളയുടെ പരാതി എന്തിനാണ് വനിതാ കമ്മിഷന് നൽകിയത്’ എന്ന് എം.സി ജോസഫൈൻ ചോദിച്ചത്.
വനിതാ കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ടെങ്കിൽ പറഞ്ഞ സ്ഥലത്ത് ഹാജരാകണം. 89 കാരി തള്ളയെ കൊണ്ട് പരാതി നൽകിയ നിന്നെയൊക്കെ എന്തു പറയണമെന്നും ജോസഫൈൻ ചോദിക്കുന്നു. ഇതിനിടെ വൃദ്ധ മാതാവിന് ഇത്രയും ദൂരം യാത്ര ചെയ്യാനാവില്ലെന്ന് ബന്ധുവായ ഉല്ലാസ് പറയുന്നുണ്ട്. പിന്നെ എന്തിനാണ് പരാതി നൽകിയത് എന്നാണ് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ ചോദിക്കുന്നത്. സിറ്റിങ്ങിന് വരണോ വേണ്ടയോ എന്ന് താൻ തീരുമാനിക്കൂവെന്നും പറഞ്ഞു.
കഴിഞ്ഞ ജനുവരി 26ന് അയൽവാസിയായ ആദർശ് മദ്യപിച്ചു വീട്ടിൽ കയറി മർദ്ദിച്ചെന്ന പരാതിയിൽ പൊലീസ് കാര്യമായ നടപടിയെടുത്തില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. ഇതേ പരാതി വനിതാ കമ്മിഷനും നൽകി. ഇതിലാണ് ഈ മാസം 28ന് അടൂർ പറക്കോട് വെച്ച് സിറ്റിംഗ് നടത്തുന്നത്. റാന്നിക്ക് സമീപമുള്ള കോട്ടാങ്ങൽ നിന്നും അടൂർ വരെ കിടപ്പ് രോഗിയെ എത്തിക്കാനാകാത്ത സാഹചര്യം ചൂണ്ടിക്കാട്ടാനാണ് ബന്ധുവായ ഉല്ലാസ് ജോസഫൈനെ ഫോണിൽ വിളിച്ചത്.
ഇന്ന് രാവിലെ പത്തരയ്ക്കാണ് ഉല്ലാസ് ജോസഫൈനോട് ഫോണിൽ വിളിച്ച് പരാതി അറിയിച്ചത്. കഴിഞ്ഞ ജനുവരി 26-ന് നടന്ന അക്രമത്തിൽ പത്തനംതിട്ട പെരുമ്പെട്ടി പൊലീസാണ് വയോധികയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. അന്ന് സ്റ്റേഷൻ ജാമ്യത്തിൽ പ്രതിയായെ പൊലീസ് വിട്ടയച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അദ്ദേഹത്തിന്റെ ഓഫീസ് മറുപടി നൽകിയിരുന്നു. ഇതിനിടെ വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രതികരണത്തിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.