Site icon Ente Koratty

റേഷന്‍ കാര്‍ഡ്; കാന്‍സര്‍ രോഗികള്‍ക്കും ഇടം നല്‍കാന്‍ ശ്രമിക്കും: മന്ത്രി പി. തിലോത്തമന്‍

റേഷന്‍ കാര്‍ഡിന്റെ മുന്‍ഗണന പട്ടികയില്‍ വരാനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി ജീവിക്കാന്‍ നിവര്‍ത്തിയില്ലാത്ത കാന്‍സര്‍ രോഗികളെ പോലെയുള്ളവര്‍ക്ക് ഇടം നല്‍കാന്‍ ശ്രമിക്കുമെന്ന് മന്ത്രി പി. തിലോത്തമന്‍. നിലവില്‍ പുസ്തകരൂപത്തിലുള്ള റേഷന്‍ കാര്‍ഡ് മാറ്റി പോക്കറ്റില്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന രീതിയിലുള്ള ഇ-കാര്‍ഡിലേക്ക് മാറ്റാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ഭക്ഷ്യ ഭദ്രതാ നിയമം കൊണ്ടുവന്നതോടെ കേരളത്തിന്റെ ഭക്ഷ്യവിതരണ രംഗത്ത് വളരെ വിപുലമായ മാറ്റമാണ് ഈ സര്‍ക്കാര്‍ കൊണ്ടുവന്നത്. കേന്ദ്ര വിഹിതമായ ധാന്യം എല്ലാമാസവും ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് ശേഖരിച്ച് സംസ്ഥാന ഗോഡൗണുകളില്‍ സൂക്ഷിച്ച് റേഷന്‍ കടകളില്‍ വിതരണം ചെയ്യുന്നുണ്ട്. ഇതോടൊപ്പം വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് എഫ്‌സിഐയില്‍ നിന്ന് അധിക വില നല്‍കി അന്‍പതിനായിരത്തോളം ടണ്‍ ധാന്യം എല്ലാ മാസവും സ്വീകരിച്ച് അത് സബ്‌സിഡിനിരക്കിലും വിതരണം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കൊവിഡിനു മുന്‍പ് ഉണ്ടായിരുന്നതിന്റെ ഇരട്ടി ധാന്യ ശേഖരണവും വിതരണവും കൊവിഡ് പ്രതിസന്ധിക്കിടയിലും കഴിഞ്ഞ ഒന്‍പത് മാസമായി സര്‍ക്കാര്‍ നടത്തിവരുന്നു. ഇതുമൂലം അരിവില പിടിച്ചുനിര്‍ത്താന്‍ സാധിച്ചെന്നും സംസ്ഥാനം പട്ടിണിയിലേക്ക് പോകാതെ ആവശ്യത്തിലധികം ധാന്യം എല്ലാ വീടുകളിലും എത്തിക്കാനും സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

Exit mobile version