അങ്കമാലി-ശബരി റെയിൽപാത നിർമാണത്തിൽ സംസ്ഥാനവും പങ്കാളിയാകും. മൊത്തം ചെലവിന്റെ അമ്പത് ശതമാനം സംസ്ഥാനം ഏറ്റെടുക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കിഫ്ബി മുഖേനയാണ് ഇതിന് ആവശ്യമായ പണം ലഭ്യമാക്കുക്ക.
1997-98 ലെ റെയിൽവെ ബജറ്റിലാണ് അങ്കമാലി ശബരി റെയിൽ പാത പ്രഖ്യാപിച്ചത്. എന്നാൽ പദ്ധതി ചെലവ് കണ്ടെത്തുന്ന കാര്യത്തിൽ തീരുമാനം വൈകി. പദ്ധതി പ്രഖ്യാപിക്കുമ്പോൾ ചെലവ് 517 കോടി രൂപയായിരുന്നെങ്കിൽ ഇപ്പോഴത് 2815 കോടിയായി ഉയർന്നു. നിർമാണ ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന നിലപാട് പിന്നീട് റെയിൽവെ എടുത്തു. റെയിൽവെയുടെ ചെലവിൽ തന്നെ പദ്ധതി നടപ്പാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടുവെങ്കിലും മുൻ നിലപാടിൽ റെയിൽവെ ഉറച്ചുനിൽക്കുകയായിരുന്നു. തുടർന്നാണ് ചെലവിന്റെ പകുതി വഹിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
അങ്കമാലി-ശബരി പാതയുടെ നടത്തിപ്പും പരിപാലനവും റെയിൽവെ മന്ത്രാലയം തന്നെ നിർവഹിക്കണം. പാതയിൽ ഉൾപ്പെടുന്ന സ്റ്റേഷനുകളുടെ വികസനം പൊതു-സ്വകാര്യ പങ്കാളിത്തമുള്ള പ്രത്യേക കമ്പനി വഴി നടപ്പാക്കണം. ലഭിക്കുന്ന വരുമാനത്തിൽ ചെലവു കഴിച്ചുള്ള തുക സംസ്ഥാനവും റെയിൽവെയും 50:50 അനുപാതത്തിൽ പങ്കിടണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് പദ്ധതിയുടെ പകുതി ചെലവു വഹിക്കാനുള്ള സർക്കാരിന്റെ തീരുമാനം. എരുമേലി വഴിയുള്ള പാത യാഥാർഥ്യമാവുന്നതോടെ ശബരിമല തീർഥാടകരുടെ സൌകര്യത്തിനൊപ്പം സംസ്ഥാനത്തിന്റെ തെക്കുകിഴക്ക് ഭാഗങ്ങളുടെ വികസനവും സർക്കാർ മുന്നിൽ കാണുന്നുണ്ട്.