Site icon Ente Koratty

‘വിധിക്കെതിരെ അപ്പീൽ നൽകാനും നിരപരാധിത്വം തെളിയിക്കാനും പ്രതികൾക്ക് അവകാശമുണ്ട്’: കോട്ടയം അതിരൂപത

കോട്ടയം: പ്രമാദമായ സിസ്റ്റർ അഭയ കൊലക്കേസിൽ തോമസ് കോട്ടൂരും സെഫിയും കുറ്റക്കാരാണെന്ന് സി ബി ഐ പ്രത്യേക കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ഇരുവർക്കും ജീവപര്യന്തം തടവുശിക്ഷയാണ് കോടതി വിധിച്ചത്. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തമാണ് കോടതി വിധിച്ചത്.

അതേസമയം, അഭയ കേസിലെ ആരോപണങ്ങൾ അവിശ്വസനീയമെന്നാണ് കോട്ടയം അതിരൂപത പറഞ്ഞത്. സി ബി ഐ കോടതിവിധിയെ മാനിക്കുന്നെന്നും അപ്പീൽ നൽകാനും നിരപരാധിത്വം തെളിയിക്കാനും പ്രതികൾക്ക് അവകാശമുണ്ടെന്നും ഇത്തരം സാഹചര്യം ഉണ്ടായതിൽ ദുഃഖിക്കുന്നുവെന്നും സഭ പറഞ്ഞു. കോട്ടയം അതിരൂപത പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്.

കോട്ടയം അതിരൂപതാംഗമായിരുന്ന സിസ്റ്റർ അഭയ മരിച്ച സംഭവം ദുഃഖകരവും നിർഭാഗ്യകരവും ആയിരുന്നു. സിസ്റ്റർ അഭയ കൊല്ലപ്പെട്ടതാണെന്നും ഈ അതിരൂപതാംഗങ്ങളായ ഫാ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കൊല ചെയ്തതെന്നും സി ബി ഐ സ്പെഷ്യൽ കോടതി വിധിക്കുകയും ഇരുവർക്കും ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്തിരിക്കുകയാണ്.

അവർക്കെതിരായ ആരോപണങ്ങൾ അവിശ്വസനീയമാണ്. എങ്കിലും കോടതിവിധിയെ അതിരൂപത മാനിക്കുന്നു. വിധിക്കെതിരെ അപ്പീൽ നൽകാനും നിരപരാധിത്വം തെളിയിക്കാനും പ്രതികൾക്ക് അവകാശമുണ്ട്. എങ്കിലും ഇത്തരം ഒരു സാഹചര്യം ഉണ്ടായതിൽ അതിരൂപത ദുഃഖിക്കുകയും ഖേദിക്കുകയും ചെയ്യുന്നെന്നും കോട്ടയം അതിരൂപത വാർത്താക്കുറിപ്പിൽ പറഞ്ഞു.

തിരുവനന്തപുരം സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം 302(കൊലപാതകം), 201(തെളിവു നശിപ്പിക്കൽ), 449(അതിക്രമിച്ചു കടക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. 302 വകുപ്പ് (കൊലപാതകം) അനുസരിച്ച് ജീവപര്യന്തം, പിഴ 5 ലക്ഷം, 201 വകുപ്പ് (തെളിവ് നശിപ്പിക്കൽ) അനുസരിച്ച് 7 വർഷം തടവ്, 50,000 രൂപ പിഴ, 449 വകുപ്പ് കോൺവെന്റിൽ അതിക്രമിച്ച് കയറിയതിന് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ എന്നിങ്ങനെയാണ് കോട്ടൂരിന് ലഭിച്ച ശിക്ഷ. 302 വകുപ്പ് (കൊലപാതകം) അനുസരിച്ച് ജീവപര്യന്തം, 5 ലക്ഷം രൂപ പിഴ, 201 വകുപ്പ് (തെളിവ് നശിപ്പിക്കൽ) അനുസരിച്ച് 7 വർഷം തടവ്, 50,000 രൂപ പിഴ എന്നിങ്ങനെയാണ് സെഫിക്ക് ലഭിച്ച ശിക്ഷ. എല്ലാ ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവുശിക്ഷ അനുഭവിക്കണം.

ഗൗരവമുള്ള കുറ്റമാണ് പ്രതികൾ ചെയ്തതെന്നും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. താൻ അർബുദ രോഗിയാണെന്നും പ്രായം പരിഗണിച്ചു ശിക്ഷയിൽ ഇളവ് നൽകണമെന്നും കോട്ടൂരിന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. പ്രായമായ മാതാപിതാക്കളുണ്ടെന്നും അവരെ സംരക്ഷിക്കുന്നത് താനാണെന്നും സെഫി കോടതിയിൽ പറഞ്ഞിരുന്നു.

സിസ്റ്റർ അഭയ കൊലക്കേസിൽ തോമസ് എം കോട്ടൂരും സെഫിയും കുറ്റക്കാരെന്ന് സിബിഐ പ്രത്യേക കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. അഭയ കൊല്ലപ്പെട്ടിട്ട് 28 വർഷത്തിന് ശേഷമാണ് കേസിൽ തിരുവനന്തപുരം സിബിഐ കോടതി വിധി പറഞ്ഞത്. സത്യം തെളിഞ്ഞുവെന്നും ദൈവത്തിനും കോടതിക്കും നന്ദിയെന്നും അഭയയുടെ കുടുംബം പ്രതികരിച്ചു.

Exit mobile version