Site icon Ente Koratty

കവയിത്രി സുഗതകുമാരിയുടെ ആരോഗ്യനില അതീവ ഗുരുതരം

തിരുവനന്തപുരം: കോവിഡ് ബാധിതയായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കവയിത്രി സുഗതകുമാരി ടീച്ചറുടെ ആരോഗ്യനില കൂടുതൽ ഗുരുതരമായി. യന്ത്രസഹായത്തോടെ നൽകിയിട്ടും ഓക്സിജൻ എടുക്കാൻ കഴിയാത്ത സ്ഥിതിയായി.

നൂറു ശതമാനം ഓക്സിജനും യന്ത്രസഹായത്തോടെയാണ് നൽകുന്നത്. എന്നാൽ, വളരെ കുറഞ്ഞ അളവിലാണ് ശ്വാസകോശം ഓക്സിജൻ സ്വീകരിക്കുന്നത്.

ശ്വാസകോശത്തിൽ ഗുരുതരമായ രീതിയിൽ ന്യുമോണിയ ബാധിച്ചു കഴിഞ്ഞു. ഇതാണ് ഓക്സിജൻ സ്വീകരിക്കുന്നത് കുറയാൻ കാരണം. കോവിഡിന്റെ ഭാഗമായുള്ള കടുത്ത ബ്രോങ്കോ ന്യുമോണിയയ്ക്കൊപ്പം ഹൃദയം, വൃക്ക എന്നിവയുടെ പ്രവർത്തനവും തകരാറിലാണ്.

കാർഡിയോളജി, മെഡിക്കൽ, സാംക്രമിക രോഗവിഭാഗം, നെഫ്രോളജി, എൻഡോക്രൈനോളജി എന്നീ വിഭാഗങ്ങളുടെ വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന സംഘത്തിൻ്റെ മേൽനോട്ടത്തിലാണ് ചികിത്സ നടക്കുന്നത്. അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് അറിയിച്ചു.

തിങ്കളാഴ്ചയാണ് സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലായിരുന്ന സുഗതകുമാരിയെ വിദഗ്ധ ചികിത്സയ്ക്കായി ഉച്ചയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. തിങ്കളാഴ്ച എത്തിക്കുമ്പോൾ ആരോഗ്യനില തൃപ്തികരമായിരുന്നു. ഇന്നലെ രാവിലെ ആരോഗ്യനില വഷളാവുകയായിരുന്നു.

Exit mobile version