ഗർഭിണിയായ യുവതിക്ക് മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. മഞ്ചേരി മെഡിക്കൽ കോളജ് സൂപ്രണ്ടുൾപ്പെടെയുള്ളവരെ പ്രതി ചേർത്ത് മഞ്ചേരി പൊലീസാണ് കേസെടുത്തത്.
ഇക്കഴിഞ്ഞ സെപ്റ്റംബർ 27നാണ് സംഭവം നടന്നത്. കിഴിശ്ശേരി സ്വദേശി എൻ.സി. മുഹമ്മദ് ഷരീഫിന്റേയും സഹല തസ്നീമിന്റേയും മക്കളാണ് മരിച്ചത്. പ്രസവവേദന ഉണ്ടെന്നറിയിച്ചിട്ടും ചികിത്സ നൽകാതെ നിർബന്ധപൂർവം മടക്കിയയച്ചെന്നാണ് പരാതി. മൂന്ന് മാസത്തോളമായിട്ടും നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി ഷരീഫും സഹലയും ജില്ല പൊലീസ് മേധാവിയെ കണ്ടിരുന്നു.
ഡോക്ടർമാർ പ്രതികളായ കേസായതിനാൽ മലപ്പുറം ഡിവൈ.എസ്.പി ഹരിദാസിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നതെന്ന് എസ്.പി അറിയിച്ചു. ആരോഗ്യവകുപ്പിന്റെ അന്വേഷണം നടക്കുന്നതിനാലാണ് കേസെടുക്കാൻ വൈകിയതെന്നും അദ്ദേഹം വ്യക്തമാക്കി.