പാലക്കാട് മുനിസിപ്പാലിറ്റിയിൽ ശ്രീരാമന് ജയ് വിളിച്ചുകൊണ്ടുള്ള ബാനർ ഉയർത്തിയ നടപടിയെ ന്യായീകരിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ബാനറിൽ ശ്രീരാമന്റെ പേര് വച്ചതിൽ തെറ്റില്ല. ഇന്ത്യൻ ഭരണഘടനയുടെ ഒറിജിനൽ പതിപ്പിൽ ശ്രീരാമന്റേയും ലക്ഷ്മണന്റേയും സീതയുടേയുമൊക്കെ ചിത്രമുണ്ട്. ശ്രീരാമന് ജയ് വിളിച്ച് ബാനർ തൂക്കിയിട്ടുണ്ടെങ്കിൽ അതിൽ ഒരു തെറ്റുമില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു.
ശ്രീരാമന് ജയ് വിളിക്കുന്നത് ഭരണഘടനയെ നിരസിക്കുന്ന നടപടിയല്ല. ഭരണഘടനയിൽ ഏത് മൂല്യങ്ങളാണോ ഉൾക്കൊള്ളുന്നത് അത് തിരിച്ചറിഞ്ഞാണ് ജയ് ശ്രീറാം എന്ന് രേഖപ്പെടുത്തിയ ബാനർ ഉയർത്തിയത്. കോൺഗ്രസിനും സിപിഐഎമ്മിനുമൊക്കെ സാധിക്കുമെങ്കിൽ അവർ ചെയ്തോട്ടെ. അതിൽ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു.
ഭരണഘടനയിൽ പറഞ്ഞ മറ്റൊരു ചിത്രവും എന്തുകൊണ്ട് എടുത്തില്ല എന്ന ചോദ്യത്തിന് ശ്രീരാമനെ ഇഷ്ടപ്പെടുന്നതുകൊണ്ട് ബാനറിൽ ഉൾപ്പെടുത്തിയെന്നായിരുന്നു സന്ദീപ് വാര്യരുടെ മറുപടി. നടപടി ആരെയും വേദനിപ്പിക്കില്ല. അഞ്ച് വർഷം കഴിഞ്ഞാൽ പാലക്കാട് വീണ്ടും ബിജെപി അധികാരത്തിൽ വരും. അന്ന് നടപടി ആവർത്തിക്കും. ശ്രീരാമന് ജയ് വിളിച്ചുള്ള ബാനർ വീണ്ടും ഉയർത്തുമെന്നും സന്ദീപ് വാര്യർ വെല്ലുവിളിച്ചു.