Site icon Ente Koratty

നായയെ ഓടുന്ന വണ്ടിയിൽ കെട്ടിവലിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ

എറണാകുളം പറവൂരിൽ നായയെ ഓടുന്ന കാറിൽകെട്ടിവലിച്ച ഡ്രൈവർ യൂസഫ് അറസ്റ്റിൽ. വീട്ടിൽ വളർത്തിയിരുന്ന നായയെ ഉപേക്ഷിക്കാൻ ശ്രമിച്ചതാണെന്ന് യൂസഫ് പൊലീസിൽ മൊഴി നൽകി. കാറിനുള്ളിൽ കയറാതെ വന്നപ്പോൾ കെട്ടിയിട്ടു എന്ന് ചോദ്യം ചെയ്യലിൽ മറുപടി നൽകി. യൂസഫിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കും.

നേരത്തെ യൂസഫിന്റെ ലൈസൻസ് റദ്ദാക്കാൻ ​ഗതാ​ഗത മന്ത്രി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് യൂസഫിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുന്നത്. യൂസഫ് ഓടിച്ചിരുന്ന വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത് പൊലീസിന് കൈമാറിയെന്ന് ഗതാഗത മന്ത്രിയുടെ ഓഫിസ് അറിയിച്ചു. നിയമപരമായ നടപടികൾ വകുപ്പ് സ്വീകരിക്കുമെന്നും ഓഫിസ് അറിയിച്ചു.

ഇന്ന് വൈകീട്ടോടെയാണ് എറണാകുളത്ത് നെടുമ്പാശേരി പറവൂർ റോഡിൽ ചാലാക്കയിൽ അതിക്രൂരമായ സംഭവം അരങ്ങേറിയത്.
30 കിലോമീറ്ററോളം വേഗത്തിൽ പാഞ്ഞ കാറിന്റെ ഡിക്കിയിൽ നായയെ ബന്ധിച്ച് വലിച്ചുകൊണ്ട് പോവുകയായിരുന്നു. ഓടി തളർന്നു അവശനായി വീണ നായയെ റോഡിലൂടെ വലിച്ചിഴച്ചു. ദൃശ്യങ്ങൾ പകർത്തിയ അഖിൽ കാറിനെ മറികടന്ന് തടഞ്ഞു നിർത്തുകയായിരുന്നു. അഖിലിനോട് കയർത്ത കാർ ഡ്രൈവർ നായയുടെ കെട്ടഴിച്ചു വിട്ട ശേഷം മുങ്ങി. റോഡിൽ ഉരഞ്ഞ് ശരീരമാസകലം മുറിവേറ്റ നിലയിലായിരുന്നു നായ. ഉച്ചയോടെ സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിക്കപ്പെട്ടതോടെ വ്യാപക പ്രതിഷേധമുയർന്നു.

ദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ട ചെങ്ങമനാട് പോലീസ് കാർ നമ്പർ പരിശോധിച്ച് ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. ഇതിനൊടുവിലാണ് കാർ ഓടിച്ചിരുന്ന യൂസഫിനെ കണ്ടെത്തിയത്. ദയ ആനിമൽ വെൽഫെയർ അസോസിയേഷൻ പരുക്കേറ്റ നായയെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

Exit mobile version