തിരുവനന്തപുരം: ജയിലിൽ ഭീഷണിയുണ്ടെന്ന പരാതിയിൽ രാഷ്ട്രീയ വിവാദം ചൂടുപിടിക്കുന്നതിനിടെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മൊഴിമാറ്റി. ജയിലിൽ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് സ്വപ്ന മൊഴി നൽകി. കോടതിയിൽ പരാതി നൽകിയത് അഭിഭാഷകന്റെ പിഴവാണെന്നും സ്വപ്ന വ്യക്തമാക്കി.
ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്ന ദക്ഷിണമേഖലാ ജയിൽ ഡിഐജിക്കാണ് സ്വപ്ന മൊഴി നൽകിയത്. സ്വപ്നയെ പാർപ്പിച്ചിരിക്കുന്ന അട്ടക്കുളങ്ങര വനിതാ ജയിലിലെത്തി ഡി ഐ ജി അജയകുമാറാണ് മൊഴിയെടുത്തത്. അന്തിമ റിപ്പോർട്ട് ജയിൽ മേധാവി ഋഷിരാജ് സിംഗിന് കൈമാറും.
അതേസമയം സ്വപ്നയുടെ മൊഴിമാറ്റം വീണ്ടും രാഷ്ട്രീയ വിവാദമാകുമെന്നുറപ്പായി കഴിഞ്ഞു. മൊഴിമാറ്റം സമ്മർദം മൂലമാണെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.
ജയിലിൽ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തെ ആദ്യമേ ജയിൽ വകുപ്പ് തളളിയിരുന്നു. സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ ഇതിന് തെളിവാണെന്നും ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഭീഷണിയുണ്ടെന്ന് പരാതിപ്പെടുകയും അതിൽ നിന്ന് പിന്മാറുകയും ചെയ്ത സ്വപ്നയുടെ നടപടി ദുരൂഹമായി തുടരുകയാണ്.