Site icon Ente Koratty

എം.കെ മുനീറിന്‍റെ ഭാര്യയെ ഇ.ഡി 9 മണിക്കൂർ ചോദ്യം ചെയ്തു

പ്രതിപക്ഷ ഉപനേതാവും മുസ്ലീം ലീഗ് നിയമസഭാകക്ഷി നേതാവുമായ എം കെ മുനീറിന്റെ ഭാര്യയെ എന്‍ഫോഴ്‌സ്‌മെന്റ് 9 മണിക്കൂർ ചോദ്യം ചെയ്തു. ലീഗ് നേതാവും എംഎൽഎയുമായ കെ.എം ഷാജി കോഴിക്കോട്ട് ഭൂമി വാങ്ങിയതില്‍ മുനീറിന്റെ ഭാര്യക്കും പങ്കാളിത്തമുണ്ടെന്ന് ഇ ഡിക്ക് പരാതി ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിച്ചറിയുന്നതിനാണ് വിളിപ്പിച്ചതെന്നാണ് സൂചന.

കോഴിക്കോട്ടെ ഇ ഡി ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്തത്. കെ എം ഷാജി എംഎല്‍എയുടെ വിവാദ ഭൂമി ഇടപാടില്‍ മുനീറിനും പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ഐ എന്‍ എല്‍ നേതാവ് അബ്ദുല്‍ അസീസാണ് പരാതി നല്‍കിയത്. വേങ്ങേരിയിലെ വീട് നില്‍ക്കുന്ന സ്ഥലം ഷാജിയും മുനീറും ചേര്‍ന്നാണ് വാങ്ങിയതെന്നും പരാതിയില്‍ പറയുന്നു.

സ്ഥലം രജിസ്റ്റര്‍ ചെയ്തത് ഷാജിയുടെയും മുനീറിന്റെയും ഭാര്യമാരുടെ പേരിലാണ്. 92 സെന്റ് സ്ഥലം വാങ്ങിയത് 1.02 കോടി രൂപയ്ക്കാണെന്നും എന്നാല്‍ ആധാരത്തില്‍ കാണിച്ചത് 37 ലക്ഷം രൂപ മാത്രമാണെന്നും പരാതിയില്‍ പറയുന്നുണ്ട്. രജിസ്ട്രേഷന്‍ ഫീസിനത്തിലും സ്റ്റാമ്ബ് ഡ്യൂട്ടി ഇനത്തിലും ലക്ഷങ്ങള്‍ വെട്ടിച്ചെന്നാണ് ആരോപണത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

Exit mobile version