Site icon Ente Koratty

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്‍ മൂന്നാമതും ആശുപത്രിയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ  വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടിസ് നൽകിയതിനു പിന്നാലെയാണ് രവീന്ദ്രൻ ചികിത്സ തേടിയത്. ഇതോടെ മൂന്നാം തവണയാണ് ചോദ്യംചെയ്യലിന് തൊട്ടുമുന്‍പു രവീന്ദ്രന്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നത്.

ഉച്ചയോടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ രവീന്ദ്രനെ പ്രവേശിപ്പിച്ചത്. കടുത്ത തലവേദനയും ക്ഷീണവും അനുഭവപ്പെടുന്നു എന്നാണ് രവീന്ദ്രന്‍ പറഞ്ഞത്.

ആദ്യം കോവിഡ് ബാധയെ തുടര്‍ന്നും കോവിഡാനന്തര അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സ തേടിയതിനാല്‍ രണ്ടാംവട്ടവും രവീന്ദ്രന്‍ ഇ.ഡിക്ക് മുന്നിൽ ഹാജരായിരുന്നില്ല.

കെ–ഫോൺ, ലൈഫ് മിഷൻ പദ്ധതികളിലെ കള്ളപ്പണ ബെനാമി ഇടപാടുകളെക്കുറിച്ച് അറിയാനാണു രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫിസിലെ ശിവശങ്കറിന്‍റെ സംഘത്തിനും സ്വർണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്നാണു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ.

Exit mobile version