Site icon Ente Koratty

എം ശിവശങ്കറിനെ അഞ്ച് ദിവസം കസ്റ്റഡിയിൽ വിട്ടു; കസ്റ്റംസിന് രൂക്ഷവിമർശനം

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അഞ്ചു ദിവസത്തേക്ക്  കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി.  പത്ത് ദിവസത്തെ കസ്റ്റഡിയാണ് കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടത്.

ഇതിനെ ശിവശങ്കറിന്റെ അഭിഭാഷകന്‍ എതിര്‍ത്തു. സ്വപ്നയെ പത്തുതവണ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നുവെന്നും അന്നെല്ലാം ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ ഒരു പങ്കുമില്ല എന്നാണ് സ്വപ്ന മൊഴി നല്‍കിയതെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന്റെ ഉന്നതപദവിയില്‍ ഇരുന്ന ആളായതുകൊണ്ട് ഗൂഢ ഉദ്ദേശ്യത്തോടെയാണ് ശിവശങ്കറിനെ ഇപ്പോള്‍ കസ്റ്റംസ് പ്രതിചേര്‍ത്തതെന്നും അഭിഭാഷകന്‍ ആരോപിച്ചു. ഈ ഘട്ടത്തിലാണ് കോടതി കസ്റ്റംസിനെ രൂക്ഷമായി വിമര്‍ശിച്ചത്. കസ്റ്റംസ് സമര്‍പ്പിച്ച ഒരു രേഖയിലും ശിവശങ്കറിന്റെ ഔദ്യോഗിക പദവികളെ കുറിച്ച് ഒന്നും പറയുന്നില്ല. ശിവശങ്കറിനെ കസ്റ്റംസിന് പേടിയുള്ളതു കൊണ്ടാണോ ഇതെന്നും കോടതി ചോദിച്ചു.

ശിവശങ്കറിന്റെ  ഫോണ്‍ പിടിച്ചെടുത്തത് കസ്റ്റംസ് ആണ്. ഇപ്പോള്‍ പതിനൊന്നാം മണിക്കൂറില്‍ എന്തടിസ്ഥാനത്തിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത് എന്നും കോടതി  ചോദിച്ചു. ശിവശങ്കറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടതിന്റെ ആവശ്യകത എന്തെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലുമില്ലെന്നു കോടതി പറഞ്ഞു. സ്വര്‍ണക്കടത്തിനെ കുറിച്ച് ശിവശങ്കറിന്  അറിയാമായിരുന്നുവെന്ന് സ്വപ്ന  മൊഴി നല്‍കിയിട്ടുണ്ടെന്നായിരുന്നു കസ്റ്റംസ് അഭിഭാഷകന്റെ  മറുപടി.

തുടര്‍ന്ന് അഞ്ചു ദിവസത്തേക്ക് ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടു.  മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്നും മുന്‍ ഐടി സെക്രട്ടറി എന്നും കോടതി വിധിയില്‍ രേഖപ്പെടുത്തി. ഉന്നതപദവി വഹിക്കുന്നവര്‍ നയതന്ത്ര ചാനലിലൂടെ സ്വര്‍ണക്കടത്ത് നടത്തി എന്നത് അതീവ ഗൗരവമുള്ളതാണെന്നും കേട്ടുകേള്‍വിയില്ലാത്തത് ആണെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ ആളുകളെയും വെളിച്ചത്തുകൊണ്ടുവരണം. കള്ളക്കടത്തിനായി അധികാര ദുര്‍വിനിയോഗം നടന്നിട്ടുണ്ടോ എന്നു തെളിയിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് കസ്റ്റഡി അനുവദിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

Exit mobile version