ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ചോദ്യം ചെയ്ത് കേരളം സുപ്രീം കോടതിയെ സമീപിച്ചു. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം ചോദ്യം ചെയ്ത് സര്‍ക്കാര്‍ നൽകിയ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. അദാനി ഗ്രൂപ്പിന് മുമ്പ് വിമാനത്താവളം നടത്തിയുള്ള മുന്‍ പരിചയം ഇല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. വിമാനത്താവള നടത്തിപ്പ് കൈമാറ്റം പൊതുതാത്പര്യത്തിന് അനുസൃതമായല്ലെന്നും ഹര്‍ജിയില്‍ കേരളം ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാരിനെ മറികടന്നു അദാനി ഗ്രൂപ്പിന് വിമാനത്താവളത്തിന്റെ നടത്തിപ്പ് കൈമാറുന്നതില്‍ ക്രമക്കേട് ഉണ്ടെന്ന് ഹർജിയിൽ സംസ്ഥാനം ആരോപിക്കുന്നു. കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളുടെ നടത്തിപ്പ് കേരള സര്‍ക്കാരിന് ഓഹരി പങ്കാളിത്തമള്ള കമ്പനികള്‍ക്കാണെന്ന് കേരളം സമർപ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പിനായി പ്രത്യേക കമ്പനി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാരിനെ ഏര്‍പ്പെടുത്തുക, അല്ലെങ്കില്‍ റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസല്‍ അധികാരം കമ്പനിക്ക് നല്‍കുക എന്നീ ആവശ്യങ്ങളാണ് കേരളം മുന്നോട്ടുവെച്ചിരിക്കുന്നത്. അദാനി ഗ്രൂപ്പ് നല്‍കുന്ന അതേ തുകയ്ക്ക് വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാന്‍ തയാറാണെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ സർക്കാർ നൽകിയ ഹർജി ഒക്ടോബറിൽ ഹൈക്കോടതി തള്ളിയിരുന്നു. സംസ്ഥാനസർക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിനെ കേന്ദ്രം സഹായിക്കുകയായിരുന്നു എന്നതുൾപ്പടെയുള്ള വാദങ്ങൾ കോടതി അംഗീകരിച്ചില്ല. ടെണ്ടർ നടപടിയിൽ പങ്കെടുത്ത ശേഷം ഇതിനെ ചോദ്യം ചെയ്യുന്നതിലെ സാധുതയാണ് കോടതി വിമർശിച്ചത്. ഹൈക്കോടതി അപ്പീൽ തള്ളിയ സ്ഥിതിക്ക് ഇനി സുപ്രീംകോടതിയിൽ പോയാലും അനുകൂലഫലമുണ്ടാകാൻ സാധ്യതയില്ലെന്നാണ് സർക്കാരിന് കിട്ടിയ നിയമോപദേശം. ഇതുപ്രകാരം സുപ്രീം കോടതിയിൽ അപ്പീൽ നൽകേണ്ടതില്ലെന്നായിരുന്നു നേരത്തേ സർക്കാർ നിലപാട്. എന്നാൽ എയർപോർട്ട് എംപ്ലോയീസ് യൂണിയൻ കർക്കശ നിലപാടെടുത്തതോടെ സർക്കാർ അപ്പീൽ നൽകാൻ തീരുമാനിക്കുകയായിരുന്നു.