Site icon Ente Koratty

ഇബ്രാഹിംകുഞ്ഞിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍: വിജിലന്‍സ് കസ്റ്റഡിയില്‍ വിടാനാകില്ലെന്ന് കോടതി

പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് മെഡിക്കൽ റിപ്പോർട്ട്. ഗുരുതര ആരോഗ്യപ്രശ്നമുള്ള ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് കസ്റ്റഡിയില്‍ വിടാനാകില്ലെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി വ്യക്തമാക്കി. ചികിത്സ സർക്കാർ ആശുപത്രിയിലേക്ക് മാറ്റാൻ സാധിക്കുമോ എന്നറിയിക്കാൻ എറണാകുളം ഡിഎംഒയ്ക്ക് കോടതി നിർദ്ദേശം നൽകി. കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും നാളെ കോടതി പരിഗണിക്കും.

ഇബ്രാഹിംകുഞ്ഞിനെ നാല് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് വിജിലൻസ് കോടതിയിൽ ആവശ്യപ്പെട്ടത്. മന്ത്രി എന്ന നിലയിൽ പദവി ദുരുപയോഗം ചെയ്തു, ഇതുവഴി സർക്കാരിന് വലിയ സാമ്പത്തികനഷ്ടം ഉണ്ടായെന്നും വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി വ്യക്തമാകാൻ ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടുന്ന മെഡിക്കൽ ബോർഡ് രൂപീകരിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഇത് പ്രകാരം ഇന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് കോടതിക്ക് കൈമാറി.

കാൻസർ പോലുള്ള ഗുരുതരമായ അസുഖമുള്ളയാളാണ് ഇബ്രാഹിംകുഞ്ഞെന്ന് മെഡിക്കൽ സംഘം അറിയിച്ചു. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികത്സയിലുള്ള ഇബ്രാഹിംകുഞ്ഞിനെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റാൻ കഴിയുമോയെന്ന കാര്യത്തിൽ ഡിഎംഒ റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടു.

സർക്കാർ ആശുപത്രിയിലേക്ക് മാറ്റണമെന്ന് വിജിലൻസും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. നിലവിലെ ചികിത്സ തുടരാൻ സൗകര്യമുള്ള ഗവണ്‍മെന്‍റ് ആശുപത്രിയുടെ വിവരം ഡിഎംഒ സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇബ്രാഹിംകുഞ്ഞിന്‍റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും നാളെ വീണ്ടും പരിഗണിക്കും.

Exit mobile version