എറണാകുളം ഏലൂരിൽ ജ്വല്ലറിയിൽ വൻ സ്വർണ കവർച്ച. ഒരു കോടിയിലേറെ രൂപ വിലവരുന്ന ആഭരണങ്ങളാണ് കവർച്ച ചെയ്യപ്പെട്ടത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏലൂർ കമ്പനിപ്പടിയിലുളള ഐശ്വര്യ ജ്വല്ലറിയിലാണ് കവർച്ച നടന്നത്. ജ്വല്ലറിയോട് ചേർന്നുളള ബാർബർ ഷോപ്പിന്റെ ഭിത്തി തുരന്നായിരുന്നു മോഷണം. സ്വർണം സൂക്ഷിച്ച ലോക്കർ ഗ്യാസ് കട്ടർ ഉപയോഗിച്ച് ലോക്കർ തകർത്ത നിലയിലാണുളളത്. മൂന്ന് കിലോയോളം സ്വർണവും 25 കിലോ വെളളിയും കവർച്ച ചെയ്യപ്പെട്ടതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.
ശനിയാഴ്ച രാത്രി 7 മണിക്ക് കടയടച്ച് വീട്ടിലേക്ക് പോയിരുന്നുവെന്നാണ് ജ്വല്ലറിയുടമ വിജയകുമാറിൻറെ വിശദീകരണം. സിസിടിവി ഉണ്ടായിരുന്നെങ്കിലും ഇത് പ്രവർത്തിച്ചിരുന്നില്ലെന്നും പറയുന്നു.
അതേസമയം നഷ്ടപ്പെട്ട സ്വർണത്തിന്റെ തൂക്കത്തിൽ അവ്യക്തയുണ്ടെന്ന സംശയത്തിലാണ് പൊലീസ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.