കൊച്ചി: പ്രകൃതി വാതകത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ബസുകൾ ഇനി കേരളത്തിലും. കൊച്ചി നഗരത്തിൽ രണ്ട് ബസുകളാണ് സർവ്വീസ് തുടങ്ങിയത്. കേരള മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അഥോറിട്ടി സി.ഇ.ഒ ജാഫര്‍ മാലിക് ബസ് സര്‍വീസ് ഉദ്ഘാടനം ചെയ്തു. കൊച്ചി സ്മാർട്ട് ബസ് കൺസോർഷ്യത്തിന്റെ നേതൃത്വത്തിലാണ് സർവീസ്.
ചിലവേറിയ ഡീസൽ എൻജിനിൽ നിന്ന് മാറ്റം. പ്രതിദിനം ഇന്ധന ചിലവിൽ മാത്രം ആയിരം രൂപയിലധികം ലാഭം. വായു മലിനീകരണത്തിന് ശാശ്വത പരിഹാരം. മുംബൈയിലും ദില്ലിയിലുമൊക്കെ വിജയകരമായ സി.എൻ.ജി ബസുകൾ കൊച്ചിയിലും കുതിച്ചു പായും.
നിക്ഷേപം കൂടുതലാണെങ്കിലും സിഎൻജി ബസുകൾ ദീർഘകാല അടിസ്ഥാനത്തിൽ വലിയ ലാഭമുണ്ടാക്കും എന്ന് വൈറ്റില മൊബിലിറ്റി ഹബ്ബിൽ ബസുകൾ ഫ്ലാഗ് ഓഫ് ചെയ്ത് കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അഥോറിട്ടി സി.ഇ.ഒ ജാഫര്‍ മാലിക് പറഞ്ഞു. നാലു ലക്ഷം രൂപയാണ് ഒരു ബസ് ഡീസൽ എൻജിനിൽ നിന്ന് സി.എൻ.ജിയിലേക്ക് പരിവർത്തനം ചെയ്യാൻ വേണ്ടി വരുന്ന ചിലവ്.
ഇന്ധന ലാഭം, അറ്റകുറ്റപ്പണികളുടെ കുറവ് എന്നിവയിലൂടെ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ മുടക്കുമുതൽ തിരിച്ചു പിടിയ്ക്കാം. ഇടപ്പള്ളിയിലെ മെട്രോ ഫ്യൂവൽ സ് എന്ന സ്ഥാപനമാണ് എൻജിൻ പരിവർത്തനം ചെയ്തത്. അടുത്ത രണ്ടു വർഷത്തിനുള്ളിൽ സി.എൻ.ജി.ബസുകളുടെ എണ്ണം നൂറായി ഉയർത്തുകയാണ് ലക്ഷ്യം വൈദ്യുതി, ഹൈഡ്രജൻ വാഹനങ്ങളും കൂടുതലായി നിരത്തിലിറക്കുമെന്ന് ജാഫർ മാലിക് പറഞ്ഞു.
വണ്‍കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള ടിക്കറ്റിംഗ്, യാത്രക്കാരുടെ വിവരശേഖരണ സംവിധാനം, ലൊക്കേഷന്‍ ട്രാക്കിംഗ്, നിരീക്ഷണ കാമറകള്‍, ഓണ്‍ലൈന്‍ ടിക്കറ്റിംഗ് ആപ്പ് തുടങ്ങിയ സൗകര്യങ്ങളും ബസിൽ ഒരുക്കിയിട്ടുണ്ട്.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ ബസ് കമ്പനികളുടെ കൂട്ടായ്മയായ കൊച്ചി സ്മാർട്ട് ബസ് കൺസോർഷ്യത്തിൻറെ കീഴിലാണ് ബസുകൾ സർവ്വീസ് നടത്തുന്നത്. ആക്സിസ് ബാങ്ക്, ഇൻഫോ സൊല്യൂഷൻസ്, ടെക്ടോവിയ എന്നീ കമ്പനികളുടെ സഹകരണത്തിലാണ് ബസിൽ സ്മാർട്ട് സൗകര്യം ഒരുക്കിയിട്ടുള്ളത്.