Site icon Ente Koratty

മറയൂർ ചന്ദനവിത്തിന് റെക്കോർഡ് വില

മറയൂര്‍ ചന്ദന വനത്തില്‍ നിന്നും ശേഖരിക്കൂന്ന ചന്ദന വിത്തിന് കഴിഞ്ഞ വര്‍ഷത്തേക്കാൾ ഇരട്ടിയിലധികം വിലയാണ് ഇത്തവണ ലഭിച്ചു വരുന്നത്. കഴിഞ്ഞ വര്‍ഷം കിലോയ്ക്ക് ഏറ്റവും ഉയര്‍ന്ന വിലയായി ലഭിച്ചത് 710 രൂപ ആയിരുന്നു. എന്നാല്‍ ഇത്തവണ 1500 രൂപക്കാണ് വില്‍പ്പന നടക്കുന്നത്.

ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ചന്ദന മരങ്ങള്‍ വളരുന്നുണ്ടെങ്കിലും ഏറ്റവും ഉയര്‍ന്ന ഗുണമേന്മയുള്ള ചന്ദനമായി കണക്കാക്കുന്നത് മറയൂരിലേതാണ്. മുന്‍ കാലങ്ങളില്‍ വന സംരക്ഷണ സമിതികള്‍ വഴി ശേഖരിക്കുന്നവ നേരിട്ട് വില്‍പ്പന നടത്തുകയായിരുന്നു പതിവ്. ഇപ്രാവശ്യം വനം വകുപ്പിന്റെ നേതൃത്വത്തില്‍ ശുദ്ധീകരിച്ച്‌ വൃത്തിയാക്കിയാണ് വില്‍പ്പന നടത്തുന്നത്.

വനവികസന സമിതിയുടെ നിയന്ത്രണത്തില്‍ വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് വിത്ത് ശേഖരണം. മറയൂര്‍ റേഞ്ചിന്റെ കീഴില്‍ ഏറ്റവുമധികം ചന്ദനമരങ്ങളുള്ള നാച്ചിവയല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ നിന്നുമാണ് വിത്തുകള്‍ ശേഖരിക്കുന്നത്. വനവികസന സമിതിയുടെ പേരില്‍ ആരംഭിച്ച അക്കൗണ്ടില്‍ തുക അടച്ച് അപേക്ഷ നല്കിയാല്‍ ആര്‍ക്കും വിത്ത് ലഭിക്കും. ബാംഗ്ലൂര്‍ ഐ.ഡബ്ലയൂ.യൂ.എസ്.റ്റി, കെ.എഫ്.ആര്‍.ഐ, കര്‍ണ്ണാടക, തമിഴ്‌നാട്, മഹാരാഷ്ട്രാ വനം വകുപ്പുകള്‍ എന്ന സ്ഥാപനങ്ങളാണ് ചന്ദന വിത്തിനായി മറയൂരില്‍ ഇപ്പോള്‍ എത്തുന്നത്.

Exit mobile version