സംസ്ഥാന വ്യാപകമായി ബിലിവേഴ്സ് ചർച്ചിനു കീഴിലുള്ള സ്ഥാപനങ്ങളിൽ നടക്കുന്ന ആദായ നികുതി വകുപ്പിന്റെ പരിശോധന ഇന്നും തുടരും. സഭയുടെ കീഴിൽ വിദേശ ഫണ്ട് സ്വീകരിച്ചതിലും നികുതി രേഖകളിൽ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടർന്നുമാണ് പരിശോധന . വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന പരിശോധനക്ക് കൊച്ചിയിലെ മേഖല ആസ്ഥാനത്ത് നിന്നുള്ള ഉദ്യോഗസ്ഥരാണ് നേതൃത്വം നല്‍കുന്നത്.
തിരുവല്ലയിലെ ബിലിവേഴ്സ് ചർച്ച് ആസ്ഥാനത്തടക്കം സംസ്ഥാനത്തെ 40ല്‍ അധികം കേന്ദ്രങ്ങളില്‍ തുടരുന്ന പരിശോധനയില്‍ നിർണായക വിവരങ്ങളാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. ബിഷപ്പ് കെ. പി യോഹന്നാനുമായി ബന്ധപ്പെട്ട ബാങ്ക് അക്കൌണ്ടുകള്‍ വഴി നടന്ന പണമിടപാടുകളും നികുതി വെട്ടിപ്പുകളും അടിസ്ഥാനമാക്കി വരും ദിവസങ്ങളിലും പരിശോധന തുടരും . സഭാ ആസ്ഥാനത്തടക്കം ഇന്നലെ ആരംഭിച്ച റെയ്ഡ് രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്. അതേസമയം ചില സാമ്പത്തിക ഇടപാടുകളുടെ രേഖകളിലെ വിവരങ്ങള്‍ അനുസരിച്ച് സഭക്ക് പുറത്തേക്കും പരിശേധന നീളുമെന്ന സൂചനകളാണ് ലഭിക്കുന്നത്.
ഇന്നലെ തിരുവല്ലയില്‍ നിന്നടക്കം റെയ്ഡില്‍ പിടിച്ചെടുത്ത ഫോണുകളില്‍ നിന്നും നിർണായക വിവിരങ്ങള്‍ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ഇ.ടി ഉദ്യോഗസ്ഥർ. കൂടാതെ ബാങ്ക് അക്കൌണ്ടുകളുമായി ബന്ധപ്പെട്ട രേഖകളും ഇലകട്രോണിക്സ് ഡാറ്റാകളും പ്രത്യേകം പരിശോധിക്കാനും ഇ.ടി തയ്യാറെടുക്കുന്നുണ്ട്. വടക്ക് – കിഴക്ക് സംസ്ഥാനങ്ങളിലും വിദേശത്തും വേരുകളുള്ള ബിലിവേഴ്സ് സ്ഥാപനങ്ങളിലെ പരിശോധന കേന്ദ്രതലത്തിലെ ഉദ്യോഗസ്ഥരും വിലയിരുത്തുന്നുണ്ട്. അതേസമയം ഇന്നും റെയ്ഡ് തുടരുന്നതിനാല്‍ കനത്ത സുരക്ഷ വേണമെന്നാണ് പൊലീസിനോട് ഇ.ടി ആവശ്യപ്പെട്ടിരിക്കുന്നത്. തങ്ങള്‍ റെയ്ഡിനോട് സഹകരിക്കുന്നുണ്ടെന്നും അത് പൂർത്തിയാകുന്ന മുറക്ക് മറ്റ് കാര്യങ്ങളില്‍ പ്രതികരിക്കാമെന്നുമാണ് ബിലിവേഴ്സ് സഭാ നേതൃത്വം നല്കുന്ന വിശദീകരണം.