തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയതായി നിര്‍മിച്ച 46 സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടങ്ങള്‍ നാടിന് സമര്‍പ്പിച്ചു. 79 സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണത്തിന് തുടക്കവുമായി. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സില്‍ നിര്‍വഹിച്ചു.
രണ്ടു ഘട്ടങ്ങളിലായി 124 സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 54 എണ്ണത്തിന്റെ ശിലാസ്ഥാപനവും നേരത്തെ നടന്നിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് തലയുയര്‍ത്തിപ്പിടിക്കാനായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് സമൂഹത്തില്‍ വലിയ ആത്മവിശ്വാസം ഉണ്ടാക്കി. പൊതുവിദ്യാലയങ്ങളുടെ അഭിവൃദ്ധി മതനിരപേക്ഷ ജനാധിപത്യ സമൂഹത്തെ വളര്‍ത്താന്‍ ഉപകരിക്കും.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും മറ്റു മൂന്നു മിഷനുകളും പ്രഖ്യാപിച്ച വേളയില്‍ ഇതിലെന്താണ് കാര്യമെന്ന് ചിന്തിച്ച അപൂര്‍വം ചിലരുണ്ട്. എന്നാല്‍ നാടിന്റെയാകെ സഹകരണത്തോടെ അവരുടെയൊക്കെ കണ്ണഞ്ചിപ്പിക്കുന്ന നേട്ടം പൊതുവിദ്യാഭ്യാസ മേഖലയില്‍ കൈവരിക്കാനായി. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ നിരവധി കഌസ് മുറികള്‍ ഹൈടെക്കായി. സ്കൂള്‍ ലാബുകള്‍ നവീകരിക്കപ്പെട്ടു. അധ്യായനം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനായി. പൊതുവിദ്യാലയങ്ങളില്‍ നിന്നകന്ന ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ വീണ്ടും ആകര്‍ഷിക്കാനായി.
കേരളീയ സമൂഹം കുട്ടികളുടെ വിദ്യാഭ്യാസത്തിന് വലിയ പരിഗണനയാണ് നല്‍കുന്നത്. നാലരവര്‍ഷം മുമ്പ് വരെ പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ അയയ്ക്കാന്‍ രക്ഷിതാക്കള്‍ മടിച്ചിരുന്നു. നാട്ടിലുണ്ടായ പൊതുവായ മാറ്റങ്ങള്‍ സ്കൂളുകളിലുണ്ടാകാതിരുന്നതാണ് കാരണം. അക്കാഡമിക് തലത്തിലുണ്ടായ മുന്നേറ്റമാണ് നീതി ആയോഗിന്റെ പഠനത്തില്‍ കേരളത്തെ ഒന്നാമതെത്തിച്ചത്. ഇത് നാടാകെ ആഗ്രഹിച്ച കാര്യമാണ്. ഇത് നിലനിര്‍ത്തണമെന്നും മുന്നോട്ടു പോകണമെന്നുമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
46 വിദ്യാലയങ്ങളില്‍ അഞ്ച് കോടി കിഫ്ബി ധനസഹായത്തോടെയുളള ആറ് വിദ്യാലയങ്ങളും മൂന്ന് കോടി കിഫ്ബി ധനസഹായത്തോടെയുളള ആറ് സ്കൂളുകളും, നബാര്‍ഡ്, പ്ലാന്‍ ഫണ്ട്, സമഗ്രശിക്ഷ കേരളം, ജനപ്രതിനിധികളുടെ ആസ്തി വികസന ഫണ്ട് എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച 34 വിദ്യാലയങ്ങളുമുണ്ട്. ഇതില്‍ പൈതൃക സംരക്ഷണ പദ്ധതിയില്‍പ്പെടുത്തി പുനര്‍നിര്‍മ്മാണം നടത്തിയ അട്ടക്കുളങ്ങര ഗവ. സെന്‍ട്രല്‍ ഹൈസ്കൂളും ഉള്‍പ്പെടുന്നു. ശിലാസ്ഥാപനം നടത്തുന്ന 79 വിദ്യാലയങ്ങളില്‍ കിഫ്ബി ധനസഹായത്തോടെ കില എസ്.പി.വിയായ 41 വിദ്യാലയങ്ങള്‍, മറ്റു എസ്.പി.വികള്‍ നിര്‍മ്മാണച്ചുമതലയുളള അഞ്ച് വിദ്യാലയങ്ങള്‍, നബാര്‍ഡ്, പ്ലാന്‍ ഫണ്ട്, സമഗ്രശിക്ഷാ ഫണ്ട് എന്നിവ പ്രയോജനപ്പെടുത്തി 33 വിദ്യാലയങ്ങള്‍ ഉള്‍പ്പെടുന്നു.
പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ധനമന്ത്രി ഡോ. ടി. എം. തോമസ് എസക്ക് മുഖ്യാതിഥിയായിരുന്നു. മന്ത്രിമാരായ എ. കെ. ബാലന്, പി. തിലോത്തമന്, കടന്നപ്പള്ളി രാമചന്ദ്രന് എന്നിവര്‍ സംബന്ധിച്ചു.