തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ആന പരിപാലന കേന്ദ്രമാകാന്‍ ഒരുങ്ങി കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രം. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ആന പുനരധിവാസ കേന്ദ്രത്തിന്റെ ഒന്നാംഘട്ടം 2021 ഫെബ്രുവരിയില്‍ കമ്മിഷന് ചെയ്യും. തുടര്‍ന്ന് കോട്ടൂരില്‍ നിലവിലുള്ള 16 ആനകളെ ഇവിടേക്ക് മാറ്റും. 50 ആനകളെ പാര്‍പ്പിക്കാനുള്ള സംവിധാനമാണ് ഇവിടെ ഒരുങ്ങുന്നത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 108 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്.
ആനകളുടെ സംരക്ഷണത്തിനും പരിപാലനത്തിനും സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നതിന്റെ ഭാഗമായാണ് കോട്ടൂരില്‍ നിലവിലുള്ള ആന പുനരധിവാസ കേന്ദ്രം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. വനാശ്രിത സമൂഹത്തിന്റെ സാമ്പത്തിക സാശ്രയത്വം, റെസ്പോണ്സിബിള് ടൂറിസം തുടങ്ങിയവയെല്ലാം പരിഗണിച്ച് രണ്ടു ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ ഒന്നാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2019ലാണ് ആരംഭിച്ചത്. 71.9 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്.
കോട്ടൂര്‍ വനമേഖലയിലെ 176 ഹെക്ടര്‍ വനഭൂമിയില്‍ ആനകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലെ പോലെ പാര്‍പ്പിക്കാവുന്ന തരത്തില്‍ ഉരുക്ക് തൂണുകളാലും ഉരുക്ക് വലകളാലും പ്രത്യേകമായി വലയം ചെയ്ത അമ്പത് ആവാസ കേന്ദ്രങ്ങളടക്കം വിശാലമായ സൗകര്യങ്ങളോടെയാണ് ആനപുനരധിവാസ കേന്ദ്രം നവീകരിക്കുക. ഇതില്‍ 35 എണ്ണം ഒന്നാംഘട്ടത്തിലും ശേഷിക്കുന്നവ രണ്ടാം ഘട്ടത്തിലും പൂര്‍ത്തിയാക്കും.
നെയ്യാര്‍ ഡാമില്‍ ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കുന്നതടക്കം വിവിധ ജലാശയങ്ങള്‍, കുട്ടിയാനകളുടെ പരിപാലനത്തിനായി പ്രത്യേക സങ്കേതങ്ങള്‍ എന്നിവയും പദ്ധതിയുടെ ഭാഗമാവും. ഭവന നിര്‍മ്മാണ ബോര്‍ഡിനാണ് നിര്‍മ്മാണ ചുമതല. പുനരധിവാസ കേന്ദ്രത്തിലെത്തുന്ന ആനകള്‍ക്ക് കാട്ടിലുള്ളതുപോലെതന്നെ സ്വാഭാവിക ജീവിതം നല്‍കുകയാണ് പുതിയ കേന്ദ്രത്തിന്റെ ലക്ഷ്യം. ആന മ്യൂസിയം, സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങളോടുകൂടിയ വെറ്റിനറി ആശുപത്രി, പ്രകൃതി സ്നേഹികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി പഠന ഗവേഷണ കേന്ദ്രം, പാപ്പാന്മാര്ക്കുള്ള പരിശീലന കേന്ദ്രം, എന്‍ട്രന്‍സ് പ്ളാസ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, സന്ദര്‍ശകര്‍ക്കായി പാര്‍ക്കിംഗ് സൗകര്യം, കഫറ്റീരിയ, കോട്ടേജുകള്‍, ടോയ്ലറ്റ് ബ്ലോക്ക്, ആനകളെ വീക്ഷിക്കാനുള്ള പ്രത്യേക സൗകര്യം എന്നിവയും ഇവിടെയുണ്ടാവും. നാട്ടാനകളുടേതടക്കം ജഡങ്ങള്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതിനുള്ള സംവിധാനവും ശ്മശാനവും പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്നുണ്ട്. ആനകള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള വലിയ അടുക്കളയും അവയ്ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള വിശാലമായ പ്രത്യേക ഇടവും പൊതുജനങ്ങള്‍ക്ക് സുരക്ഷിതമായ അകലത്തില്‍ ആനകളെ വീക്ഷിക്കുന്നതിനുള്ള സൗകര്യവും സജ്ജീകരിക്കും.
വിശാലമായ കണ്വെന്ഷന് സെന്ററും ആംഫി തിയറ്ററും ഇതിന്റെ ഭാഗമാണ്.ആനയുടെ തീറ്റ വസ്തുക്കളില്‍ നിന്നുണ്ടാകുന്നതുള്‍പ്പെടെ ഖരമാലിന്യങ്ങളും മൂന്നു ടണ്ണോളം ആന പിണ്ടവും ശാസ്ത്രീയമായി സംസ്ക്കരിക്കുന്നതിനുള്ള സംവിധാനവും കോട്ടൂരില്‍ ഉണ്ടാകും. ആനപ്പിണ്ടത്തില്‍ നിന്നും പേപ്പര്‍ നിര്‍മ്മിക്കുന്ന യൂണിറ്റും, മാലിന്യങ്ങളില്‍ നിന്നും ബയോഗ്യാസ് ഉല്പാദിപ്പിക്കുന്നതിനുള്ള സംവിധാനവും ഇവിടെ ഏര്‍പ്പെടുത്തും. സംസ്ക്കരിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള ഖരമാലിന്യങ്ങള്‍ ശേഖരിച്ച് പുനരുപയോഗത്തിനായി അയക്കാനുള്ള സൗകര്യവും പ്രത്യേകമായി ഏര്‍പ്പെടുത്തും. ദ്രവമാലിന്യ സംസ്ക്കരണത്തിനുള്ള പ്ലാന്റും പദ്ധതിയുടെ ഭാഗമാണ്.
നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ പ്രതിദിനം 250 ലേറെ പേര്‍ക്ക് തൊഴില്‍ ലഭിക്കും. ഇതില്‍ 100 പേര് ആനപാപ്പാന്‍മാരായിരിക്കും.
ഇവരില്‍ 40 പേര്‍ക്ക് കുടുംബസമേതം താമസിക്കാനുള്ള സൗകര്യവും, 40 പേര്‍ക്ക് ഡോര്‍മിറ്ററി സൗകര്യവും പദ്ധതിയുടെ ഭാഗമായി തയ്യാറാക്കും. തദ്ദേശവാസികള്‍ക്കും തൊഴിലവസരങ്ങള്‍ ലഭിക്കും. സമീപ വനമേഖലയില്‍ താമസിക്കുന്ന ആദിവാസി വിഭാഗക്കാര്‍ക്ക് ഈ കേന്ദ്രത്തിലെ തൊഴിലവസരങ്ങളില്‍ മുന്‍ഗണന ഉണ്ടായിരിക്കും. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ടൂറിസം രംഗത്തും വന്‍ കുതിച്ച് ചാട്ടമാണ് ഉണ്ടാവുക. തിരുവനന്തപുരം ജില്ലയിലെ ഒരു പ്രധാന വിനോദ സഞ്ചാരകേന്ദ്രമായി കോട്ടൂര്‍ മാറും. നെയ്യാര്‍ ഡാം മേഖലയിലെ വനം വകുപ്പിന്റെയും, ജലവിഭവ വകുപ്പിന്റെയും ടൂറിസം പദ്ധതികളും ഇതിനോടൊപ്പം വികസിക്കും. അരലക്ഷം വിദേശ സഞ്ചാരികളടക്കം പ്രതിവര്‍ഷം 3.5 ലക്ഷത്തിലധികം ആളുകള്‍ കോട്ടൂരിലേക്കെത്തുമെന്നാണ് പ്രതീക്ഷ.