Site icon Ente Koratty

സരിത എസ് നായര്‍ക്ക് സുപ്രീംകോടതി ഒരു ലക്ഷം രൂപ പിഴയിട്ടു

വയനാട് ലോക്സഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന സരിത എസ് നായരുടെ ഹരജി സുപ്രീംകോടതി തള്ളി. സരിത എസ് നായര്‍ക്ക് കോടതി ഒരു ലക്ഷം രൂപ പിഴയിട്ടു. ലോക്സഭാ സ്ഥാനാര്‍ഥിത്വം തള്ളിയതിനെതിരെ ഹരജി നല്‍കിയിട്ട് ആരും ഹാജരായില്ല. പല തവണ ഇത് ആവര്‍ത്തിച്ച സാഹചര്യത്തിലാണ് പിഴ വിധിച്ചത്.

വയനാട്ടിലെ ലോക്സഭ സ്ഥാനാ൪ഥിത്വം തള്ളിയതിനെതിരെയാണ് സരിത സുപ്രീംകോടതിയെ സമീപിച്ചത്. നാമനി൪ദേശ പത്രിക തള്ളിയത് ചോദ്യംചെയ്തുള്ള ഹരജി ഹൈക്കോടതി തള്ളിയിരുന്നു. ഈ നടപടി ചോദ്യം ചെയ്താണ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍, പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതികള്‍ സരിതയ്ക്ക് തടവുശിക്ഷ വിധിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സരിതയുടെ പത്രിക വരണാധികാരികള്‍ തള്ളിയത്. തനിക്കെതിരായ ശിക്ഷാവിധി സെഷൻസ് കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്നും മത്സരിക്കാൻ തനിക്ക് അ൪ഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സരിത ഹരജി നല്‍കിയത്. ജനപ്രാതിനിധ്യ നിയമമനുസരിച്ച് തനിക്ക് മത്സരിക്കാൻ അ൪ഹതയുണ്ടെന്നായിരുന്നു ഹരജിയിലെ വാദം. പക്ഷേ ഹരജി നല്‍കിയിട്ട് ആരും ഹാജരാവാതിരുന്നതോടെയാണ് സരിതക്ക് പിഴ വിധിച്ചത്.

Exit mobile version