Site icon Ente Koratty

നവംബര്‍ 1. കേരള പിറവി ദിനം, മലയാള ഭാഷ ദിനം.

ഡേവീസ് വല്ലൂരാന്‍, തിരുമുടിക്കുന്ന്

` വന്ദിപ്പിന്‍ മാതാവിനെ വന്ദിപ്പിന്‍ മാതാവിനെ
   വന്ദിപ്പിന്‍ വരേണ്യയെ വന്ദിപ്പിന്‍ വരദയെ
എത്രയും തപശ്ശക്തി പൂണ്ടാജാമാതാജ്ഞനു
   സത്രജിത്തിനു പണ്ട് സഹസ്ര കരം പോലെ
പശ്ചിമ രത്നാകരം പ്രീതിയാല്‍ ദാനം ചെയ്ത
    വിശ്വൈക മഹാ രത്നമല്ലീ നമ്മുടെ രാജ്യം
(വന്ദിപ്പിന്‍ ……..)

പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തല വച്ചും
സ്വച്ഛാബ്ധി മണല്‍ത്തിട്ടാം പാദോപധാനം പൂണ്ടും 
പള്ളികൊണ്ടീടുന്ന നിന്‍ പാര്‍ശ്വ യുഗ്മത്തെ കാത്തു കൊള്ളുന്നു കുമാരിയും ഗോകര്‍ണ്ണേശനുമമ്മേ
(വന്ദിപ്പിന്‍ ……)

മഹാ കവി വള്ളത്തോള്‍ നാരായണ മേനോന്റെ പ്രസിദ്ധമായ കവിതയിലെ ആദ്യ വരികളാണ് മേല്‍ കൊടുത്തിട്ടുള്ളത്. സ്വന്തം നാടിനെ ഇതില്‍ കൂടുതല്‍ ഭംഗിയായി എങ്ങനെയാണ് ഒരാള്‍ക്ക് വര്‍ണ്ണിക്കാനാവുക?

1956 നവംബര്‍ 1ന് ആണ് കേരള സംസ്ഥാനം നിലവില്‍ വന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം സംസ്ഥാനങ്ങള്‍ രൂപീകരിച്ചതിനെ തുടര്‍ന്ന് 1949ല്‍ തിരു – കൊച്ചി സംസ്ഥാനം നിലവില്‍ വന്നെങ്കിലും അപ്പോഴും മലബാര്‍, മദ്രാസിന്റെ കീഴിലായിരുന്നു. ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വിഭജിച്ചതിനെ തുടര്‍ന്ന് തിരു-കൊച്ചി, മലബാര്‍ മേഖലകളെ കൂട്ടിചേര്‍ത്ത് 1956 നവംബര്‍ 1ന് കേരളം നിലവില്‍ വന്നു.

പണ്ട് മുതലേ തമിഴ് സംസാരിച്ചിരുന്ന ചേര രാജ്യവംശത്തിനു കീഴിലായിരുന്നു കേരളം. പശ്ചിമഘട്ട പര്‍വ്വത നിരകള്‍ക്കിരുവശവുമുള്ള തമിഴ്നാട്ടിലേയും കേരളത്തിലേയും ജനങ്ങള്‍  രണ്ടു സംസ്കാരം ഉള്ളവരായിരുന്നു. തമിഴില്‍ നിന്നും വേറിട്ട് മലയാള ഭാഷ ഉത്ഭവിച്ചതോടെയാണ് കേരളത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. കൃസ്തുവിന് മുന്‍പ് തന്നെ അറബി രാജ്യങ്ങളുമായി വ്യാപാര ബന്ധം ഉണ്ടായിരുന്നു. കൃസ്തുവിന് ശേഷം ആദ്യ നൂറ്റാണ്ടുകളിലെ ഗ്രീക്ക്, റോമന്‍, ചൈനീസ് യാത്രാരേഖകളില്‍ കേരളത്തെപ്പറ്റി പരാമര്‍ശമുണ്ട്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം വിവിധ രാജ കുടുംബങ്ങളുടെ കീഴിലായിരുന്ന നാട്ടുരാജ്യങ്ങളെ യോജിപ്പിച്ച് ഭാഷയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങള്‍ രൂപീകരിച്ചത്.

1999 നവംബര്‍ മാസത്തിലാണ് യുനെസ്കൊയുടെ പൊതുസഭ വിശ്വ മാതൃഭാഷ ദിനം പ്രഖ്യാപിച്ചത്. രണ്ടായിരാമാണ്ടു മുതല്‍ ഫെബ്രുവരി 21 ആണ് വിശ്വ മാതൃഭാഷ ദിനം. കേരള  സര്‍ക്കാര്‍ തലത്തില്‍ മലയാള ഭാഷ ദിനമായി നവംബര്‍ 1ന് ആഘോഷിക്കുന്നു. കേരളപ്പിറവി ദിനം തന്നെ മലയാള ഭാഷ ദിനമായി തിരഞ്ഞെടുത്തത് ഉചിതം തന്നെ. ദേശവും ഭാഷയും തമ്മിലുള്ള ബന്ധം സൂചിപ്പിക്കാന്‍ മലയാള ഭാഷ ദിനവും കേരളപ്പിറവി ദിനവും ഒരേ ദിവസം ആഘോഷിക്കുന്നത് നല്ലതാണ്. ഭാഷ നിലനില്‍ക്കുന്നത് ദേശമായി ബന്ധപ്പെട്ടുകൊണ്ടും, ദേശം അവിടത്തെ ജനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടുമായതുകൊണ്ട്  ഭാഷയുടെ വളര്‍ച്ചയും നിലനില്‍പ്പും അവിടത്തെ ജനങ്ങളുടെ ജീവിതം തന്നെയാണ്. എന്നാല്‍ ഒരു വിഭാഗം ജനങ്ങള്‍, മലയാളികളുടെ പുതുവത്സര ദിനമായ ചിങ്ങം 1 മലയാള ഭാഷ ദിനമായി ആഘോഷിക്കുന്നുണ്ട് .

എല്ലാവര്‍ക്കും കേരളപ്പിറവി ദിനത്തിന്റേയും മലയാള ഭാഷ ദിനത്തിന്റേയും മംഗളങ്ങള്‍ ആശംസിക്കുന്നു . മഹാ കവി വള്ളത്തോളിന്റെ തന്നെ ` ദിവാസ്വപ്നം ‘ എന്ന കവിതയിലെ ചില വരികള്‍ ഇതാ.

‘` ഭാരതമെന്നു കേട്ടാലഭിമാന –
     പൂരിതമാവണം അന്തരംഗം
     കേരളമെന്നു കേട്ടലോ തിളയ്ക്കണം
     ചോര നമുക്ക് ഞരമ്പുകളില്‍ ” 

Exit mobile version