20 ലക്ഷത്തോളം രൂപ വില വരുന്ന സവാളയുമായി ലോറി ഡ്രൈവര്‍ മുങ്ങിയതായി പരാതി. എറണാകുളം മാര്‍ക്കറ്റിലേക്ക് മഹാരാഷ്ട്രയില്‍ നിന്ന് പുറപ്പെട്ട ലോറിയാണ് കാണാതായത്. കളമശേരി സ്വദേശിയുടെ ഉടമസ്ഥതിയിലുള്ള ലോറിയുടെ നമ്പര്‍ വ്യാജമായി ഉപയോഗിച്ചാണ് സവാള കടത്തിയത്.
സവാളക്ക് പൊന്നിന്റെ വിലയായതിന് പിന്നാലെയാണ് സവാള കയറ്റിയ ലോറി തന്നെ മോഷണം പോയെന്ന പരാതിയും ഉയരുന്നത്. എറണാകുളം മാര്‍ക്കറ്റില്‍ 10 വര്‍ഷമായി കച്ചവടം നടത്തുന്ന അലി മുഹമ്മദ് സിയാദ് പതിവ് പോലെ മഹാരാഷ്ട്രയില്‍ നിന്നും ഒരു ലോഡ് സവാളക്ക് ഓഡര്‍ നല്കി.
മഹാരാഷ്ട്രയിലെ കൃഷി ഉല്‍പ്പന വിതരണ സമിതി കഴിഞ്ഞ 25 ന് 16 ലക്ഷം രൂപ വിലവരുന്ന 25 ടണ്‍ സവാള കയറ്റിവിട്ടു. എന്നാല്‍ ഇതുവരെ സവാള എറണാകുളത്തെത്തിയിട്ടില്ല. ട്വിസ്റ്റ് അവിടെയും തീര്‍ന്നില്ല. പരാതി ലഭിച്ചതിന് പിന്നാലെ നമ്പര്‍ പരിശോധിച്ച പൊലീസ് ലോറിയുടെ ഉടമസ്ഥന് കളമശേരി സ്വദേശിയായ ജലീലിനെ ബന്ധപ്പെട്ടു. എന്നാല്‍ ജലീലിന്റെ ലോറി എറണാകുളത്ത് തന്നെയുണ്ടെന്നും ലോറിയുടെ നമ്പര്‍ വ്യാജമായി ഉപയോഗിച്ചാണ് സവാള കടത്ത് നടത്തിയതെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.