തിരുവനന്തപുരം: ഇരുപതു രൂപയ്ക്ക് ഒരു നേരത്തെ ആഹാരം നമുക്ക് സങ്കൽപിക്കാൻ പോലും ബുദ്ധിമുട്ടാണ്. അപ്പോൾ, ഹോട്ടലിൽ നിന്ന് 20 രൂപയ്ക്ക് ഭക്ഷണം ലഭിക്കുമെന്ന് ആണെങ്കിലോ. അതും പച്ചക്കറിക്കും മറ്റ് ഭക്ഷ്യവസ്തുക്കൾക്കും ഓരോ ദിവസവും തീ പിടിച്ച പോലെ വില കുതിച്ചുയരുന്ന ഈ സമയത്ത്. എന്നാൽ, കേരളത്തിൽ അത് സാധ്യമാണ്. അതായത് 20 രൂപയ്ക്ക് ഒരു ഊണ് കഴിക്കാൻ പറ്റുമെന്ന്.
ഒരുപാട് ആളുകൾക്ക് ആശ്വാസമാകുകയാണ് കേരളത്തിന്റെ ജനകീയ ഹോട്ടലുകൾ. പ്രത്യേകിച്ച് കോവിഡ് മഹാമാരിയുടെ ഈ കാലത്ത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ദിവസ വേതനക്കാർക്ക് ഇത് വലിയ ആശ്വാസമാണ്. വനിതകളുടെ കൂട്ടായ്മയായ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ജനകീയ ഹോട്ടലുകളുടെ പ്രവർത്തനം. ഓരോ ദിവസവും ഏകദേശം 70,000 ആളുകളാണ് 20 രൂപയ്ക്ക് കേരളത്തിന്റെ ജനകീയ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ഏറ്റവും വിജയകരമായ വനിതാ ശാക്തീകരണ മാതൃകകളിലൊന്നായ കുടുംബശ്രീയാണ് ദാരിദ്ര്യ നിർമാർജന ദൗത്യവും നടത്തുന്നത്. ജനകീയ ഹോട്ടലുകളിലൂടെ കുടുംബശ്രീ ജീവനക്കാർ 20 രൂപ നിരക്കിൽ വിറ്റ ഭക്ഷണം ലോക്ക്ഡൗൺ നാളുകളിൽ സാധാരണക്കാർക്കിടയിൽ വൻ വിജയമായിരുന്നു.
കോവിഡ് 19 മഹാമാരിയും ലോക്ക് ഡൗണും ഉണ്ടായ കാലത്ത് തുറന്ന ബജറ്റ് ഹോട്ടലുകളുടെ എണ്ണം 700 കടന്നത് ചരിത്രപരമായ നേട്ടമാണെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ് ഹരികിഷോർ പറഞ്ഞു. ജനകീയ ഹോട്ടലുകൾ പ്രതിദിനം ശരാശരി 70,000 ഭക്ഷണം 20 രൂപ നിരക്കിൽ നൽകുന്നു. ലോക്ക്ഡൗൺ സമയത്തും ഈ ചെറിയ നിരക്കിൽ ആളുകൾക്ക് ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കാൻ കഴിയുമെന്ന് തങ്ങൾ തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനകീയ ഹോട്ടലുകളിലൂടെ മൂവായിരത്തോളം വരുന്ന കുടുംബശ്രീ പ്രവർത്തകർക്ക് കൃത്യമായ വരുമാനം ഉറപ്പുവരുത്താൻ കഴിയുന്നതിൽ അഭിമാനിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. മഹാമാരിയുടെ കാലത്ത് കൺടയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചപ്പോൾ ഭക്ഷണപായ്ക്കറ്റുകൾ മുടക്കം കൂടാതെ വിതരണം ചെയ്യാൻ കുടുംബശ്രീ പ്രവർത്തകർക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്ക് 12.30 മുതൽ മൂന്നുമണി വരെയാണ് സബ്സിഡി നിരക്കിൽ ജനകീയ ഹോട്ടലുകളിൽ ഊണ് നൽകുന്നത്. ഈ സമയത്തിനു മുമ്പും ശേഷവും കുടുംബശ്രീ പ്രവർത്തകർക്ക് അവർക്ക് ഇഷ്ടമുള്ള ഭക്ഷണസാധനങ്ങൾ വിൽക്കാവുന്നതാണ്. എന്നാൽ, ഇതിന് സബ്സിഡി നിരക്ക് ബാധകമായിരിക്കില്ല.