Site icon Ente Koratty

‘ലൈഫി’ല്‍ സര്‍ക്കാരിന് താത്കാലിക ആശ്വാസം: സിബിഐ അന്വേഷണത്തിന് രണ്ട് മാസത്തെ സ്റ്റേ

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേട് കേസിലെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ താത്കാലിക സ്റ്റേ. രണ്ട് മാസത്തേക്കാണ് അന്വേഷണം ഹൈക്കോടതി തടഞ്ഞത്. കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന യൂണിടാക്കിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. യൂണിടാകിനെതിരായ സിബിഐ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി.

വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ സിബിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷനുവേണ്ടി സിഈഒ യു.വി ജോസും യൂണിടാക് എം ഡി സന്തോഷ് ഈപ്പനുമാണ് കോടതിയെ സമീപിച്ചിരുന്നത്. വിശദമായ വാദം കേട്ട ജസ്റ്റിസ് വി.ജി അരുൺ കേസ് ഡയറി പരിശോധിച്ച ശേഷമാണ് ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ലൈഫ് മിഷനില്‍ എഫ് സി ആര്‍ എ ലംഘനം നടന്നില്ലെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു. യൂണിടാകിനെതിരെയുള്ള അന്വേഷണത്തില്‍ ഈ ഘട്ടത്തില്‍ ഇടപെടാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ യൂണിടാകിനെതിരെയുള്ള സിബിഐ നടപടികള്‍ തുടരുന്നതിന് തടസമില്ല.

എഫ്.സി.ആര്‍.എ ലംഘിച്ചെന്നും ധാരണാപത്രം മറയാക്കി സർക്കാർ ഉദ്യോഗസ്ഥരും സ്വർണക്കടത്ത് പ്രതികളും ചേർന്നു വൻ വെട്ടിപ്പ് നടത്തിയെന്നുമായിരുന്നു സിബിഐയുടെ വാദം. എന്നാൽ റെഡ് ക്രസന്റും യൂണിടാക്കും തമ്മിലുള്ള കരാറിലും ഇടപാടിലും സർക്കാരിന് പങ്കില്ലെന്നും വീഴ്ചകൾ വിജിലൻസ് അന്വേഷിക്കുന്നുണ്ടെന്നുമാണ് സര്‍ക്കാരിന് വേണ്ടി ഹാജരായ സുപ്രിംകോടതി അഭിഭാഷകന്‍ കെ വി വിശ്വനാഥന്‍ കോടതിയെ അറിയിച്ചത്.

ഹൈക്കോടതിയുടെ സ്റ്റേ എല്‍ഡിഎഫ് സ്വാഗതം ചെയ്തു. ഇടതുപക്ഷ സർക്കാരിനെതിരായ ഗൂഢാലോചനയ്‌ക്കേറ്റ തിരിച്ചടിയാണ് കോടതി ഉത്തരവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവൻ പറഞ്ഞു. നിലനിൽക്കില്ലെന്ന് ഉറപ്പുണ്ടായിരുന്ന നിയമം ചുമത്തിയത് സർക്കാരിനെ കരിവാരി തേക്കാനാണെന്നും വിജയരാഘവന്‍.

അതേസമയം സ്റ്റേ പ്രതിപക്ഷത്തിനേറ്റ തിരിച്ചടിയല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോടതിയിലുണ്ടായത് അന്തിമ വിധിയല്ല. സർക്കാരിന് അഹങ്കരിക്കാൻ മാത്രമുള്ളതല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. എഫ്ഐആര്‍ റദ്ദാക്കാത്തത് സര്‍ക്കാറിനേറ്റ തിരിച്ചടിയെന്ന് കേസിലെ പരാതിക്കാരനായ അനില്‍ അക്കര എംഎല്‍എ. കോടതി വിധിയെ സ്വാഗതം ചെയ്യുകയാണ്. കേസില്‍ നിയമ പോരാട്ടം തുടരുമെന്നും എംഎല്‍എ പറഞ്ഞു.

Exit mobile version