Site icon Ente Koratty

സന്തോഷം’ ; ഉത്തരവാദിത്തം കൂടിയെന്ന് നടൻ സുരാജ് വെഞ്ഞാറമൂട്

മികച്ച നടനായി തെരഞ്ഞെടുത്തതിൽ സന്തോഷമെന്ന് നടൻ സുരാജ് വെഞ്ഞാറമൂട്. നല്ല കഥാപാത്രങ്ങൾ ലഭിച്ചതിലും അത് ജനങ്ങൾ തിയറ്ററില്‍ കണ്ടതിലും ഇപ്പോൾ സർക്കാരിന്റെ അംഗീകാരം ലഭിച്ചതിലും ഏറെ സന്തോഷമെന്നും സുരാജ് കൊച്ചിയിൽ പറഞ്ഞു. വികൃതിയിലെയും ആൻഡ്രോയിഡ് കുഞ്ഞപ്പനിലെയും കഥാപാത്രങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു. ആ കഥാപാത്രങ്ങൾ പ്രേക്ഷകർ സ്വീകരിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും സുരാജ് പറഞ്ഞു.

നല്ല പരിചയസമ്പന്നരാണ് ഈ സിനിമകളുടെ അണിയറയിലുണ്ടായിരുന്നത്. ഈ പുരസ്കാരനേട്ടം ഉത്തരവാദിത്തം വർധിപ്പിച്ചിരിക്കുകയാണ്. നല്ല കഥാപാത്രങ്ങൾ ഇനിയും തേടിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനജീവിതം എത്രയും പെട്ടെന്ന് സാധാരണനിലയിലാകട്ടെയെന്നും തിയറ്ററുകളിൽ നിറഞ്ഞ സദസുകളിൽ സിനിമ പ്രദർശിപ്പിക്കാൻ കഴിയട്ടെയെന്നും പറഞ്ഞ സുരാജ്, തനിക്കൊപ്പം പുരസ്കാരങ്ങൾ നേടിയ എല്ലാവരെയും അഭിനന്ദിക്കുന്നതായും പറഞ്ഞു.

വികൃതി, ആൻഡ്രോയിഡ് കുഞ്ഞപ്പൻ സിനിമകളിലെ പ്രകടനത്തിനാണ് സുരാജ് വെഞ്ഞാറമൂട് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. ബിരിയാണി എന്ന സിനിമയിലെ കഥാപാത്രത്തിന് കനി കുസൃതി മികച്ച നടിയായി. മികച്ച സ്വഭാവ നടനായി ഫഹദ് ഫാസിൽ (കുമ്പളങ്ങി നൈറ്റ്‌സ്), സ്വാസിക (വാസന്തി) മികച്ച സ്വഭാവ നടി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനായി ജല്ലിക്കട്ട് സംവിധാനം ചെയ്ത ലിജോ ജോസ് പല്ലിശ്ശേരി അർഹനായി.

119 ചിത്രങ്ങളാണ് ഇത്തവണ അവാർഡിനായി മത്സരരംഗത്തുണ്ടായിരുന്നത്. കോവിഡ് സാഹചര്യത്തെ തുടർന്ന് പുരസ്‌കാര പ്രഖ്യാപനം നീട്ടി വയ്ക്കുകയായിരുന്നു.

Exit mobile version