സ്വർണക്കടത്തില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്ന സുരേഷിന് ജാമ്യം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. സ്വപ്നയടക്കമുള്ള പ്രതികള്‍ക്കെതിരെ കോഫോപോസ ചുമത്തിയതിനാല്‍ പുറത്തിറങ്ങാനാവില്ല.
തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ സംഭവത്തില്‍ ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ടാം പ്രതിയായ സ്വപ്ന കോടതിയെ സമീപിച്ചത്. സ്വപ്ന ജാമ്യാപേക്ഷ സമര്‍പ്പിച്ചതിന് പിന്നാലെ ഉടനെ ഇ.ഡി ഭാഗിക കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. കുറ്റപത്രം ഉളള സാഹചര്യത്തിൽ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയില്ലെന്ന് ഇ.ഡിയ്ക്ക് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ സൂര്യപ്രകാശ് വി രാജു വാദിച്ചു. എന്നാല്‍ കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ഒരു ലക്ഷം രൂപയുടെ ബോണ്ട്, അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ ജില്ല വിട്ടുപോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.
കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലും നിലവില്‍ സ്വപാനയ്ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട് , എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസിലെ ജാമ്യാപേക്ഷ ഈ മാസം 15ന് കോടതിയുടെ പരിഗണനയ്ക്ക് വരും. ഈ കേസില്‍ ജാമ്യം ലഭിച്ചാലും പ്രതിക്കെതിരെ കോഫെപോസ ചുമത്തിയിട്ടുള്ളതിനാല്‍ പുറത്തിറങ്ങാനാവില്ല.