Site icon Ente Koratty

എം ശിവശങ്കർ നാളെ ഹാജരാകില്ല

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. കസ്റ്റംസിന് മുൻപാകെ ഹാജരാകാൻ ശിവശങ്കറിന് നേരത്തെ നോട്ടിസ് നൽകിയിരുന്നു. എന്നാൽ ഹാജരാകേണ്ടെന്ന് കസ്റ്റംസ് തന്നെ നിർദേശിച്ചതായാണ് വിവരം.

ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ചോദ്യംചെയ്യൽ നീട്ടി വച്ചത്. സന്ദീപിന്റെ രഹസ്യ മൊഴി, ഡിജിറ്റൽ തെളിവുകൾ എന്നിവ പരിശോധിച്ച ശേഷം തുടർനടപടി മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച അടുത്തടുത്ത രണ്ട് ദിവസം ശിവശങ്കറെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.

അതേസമയം സ്വർണക്കടത്ത് കേസിൽ ഭാവിയിലും കൂടുതൽ കളളക്കടത്ത് നടത്താനായി പ്രതികൾ പദ്ധതി തയ്യാറാക്കിയതിന്റെ തെളിവുകൾ ലഭിച്ചെന്ന് എൻഐഎ കോടതിയെ അറിയിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കേസിൽ വഴിത്തിരിവാകുന്ന നിർണായക വാദം എൻഐഎ ഉന്നയിച്ചത്. പിടിക്കപ്പെട്ട നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിന് പിന്നാലെ കൂടുതൽ കള്ളക്കടത്ത് നടത്താൻ പ്രതികൾ ആസൂത്രണം നടത്തിയിരുന്നു.

ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ അന്വേഷണത്തിന് എതിരായ ഹർജികളിൽ ഹൈക്കോടതി വിധി നാളെ പുറപ്പെടുവിക്കും. ഹർജിയുമായി കോടതിയെ സമീപിച്ചത് കേരള സർക്കാരും യൂണിടാക്കുമാണ്. സിബിഐക്ക് കേസ് അന്വേഷിക്കാൻ അധികാരമില്ലെന്നാണ് സർക്കാരിന്റെ വാദം.

Exit mobile version