തിരുവനന്തപുരം: കോവിഡ് സംശയിക്കുന്നവരിൽ ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആയാലും ആർ ടി പി സി ആർ ടെസ്റ്റ് കൂടി നടത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ൽ താഴെ നിർത്തുന്നതിനാവശ്യമായ ശക്തമായ നടപടികൾ എല്ലാ ജില്ലകളിലും സ്വീകരിക്കും.
ഗർഭിണികൾക്കും ഡയാലിസിസ് വേണ്ടവർക്കും കോവിഡ് പോസിറ്റീവ് ആകുന്ന സാഹചര്യത്തിൽ അവശ്യമായ ചികിത്സാ സൗകര്യം വിലയിരുത്തുന്നതിനും അതിനനുസരിച്ച് അത് തയ്യാറാക്കുന്നതിനും നിർദ്ദേശം നൽകി. ഗർഭിണികൾക്കും കുട്ടികൾക്കും വേണ്ട രീതിയിൽ ബെഡുകൾ തയ്യാറാക്കുന്നതിനു വേണ്ട നടപടികളും സ്വീകരിച്ചു.
തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കാസർഗോഡ്, എറണാകുളം ജില്ലകളിൽ കേസ് പെർ മില്യൺ കഴിഞ്ഞ ആഴ്ചയിൽ വർധിച്ചു. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലെ ഡബിളിങ്ങ് റേറ്റ് കുറയുകയും ചെയ്തു. ഈ സാഹചര്യത്തിൽ എല്ലാ ജില്ലകളിലും ലക്ഷണമുള്ള ആളുകളെ പരമാവധി കണ്ടെത്താനും ഐസോലേറ്റ് ചെയ്യാനുമുള്ള നടപടികൾ ത്വരിതപ്പെടുത്താൻ നിർദ്ദേശം നൽകി. അതോടൊപ്പം മാർക്കറ്റുകളിലും പൊതുസ്ഥലങ്ങളിലും കോവിഡ് പ്രോട്ടോക്കോൾ കൂടുതൽ കർശനമാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.