കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് 11 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു. നാളെ വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ രാവിലെ പത്തരയോടെയാണ് ചോദ്യം ചെയ്യൽ തുടങ്ങിയത്. 2017-ൽ യുഎഇ കോൺസുലേറ്റ് വഴി ഈന്തപ്പഴം കേരളത്തിലെത്തിച്ച് വിതരണം ചെയ്തുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ.
യുഎഇ കോണ്‍സുലേറ്റ് വഴി 17000 കിലോ ഈന്തപ്പഴമാണ് ഇറക്കുമതി ചെയ്തത്. കോണ്‍സുലേറ്റ് ജനറലിന്റെ പേരിലെത്തിയ ഈന്തപ്പഴം സാമൂഹികക്ഷേമ വകുപ്പിന് കീഴിലുള്ള അനാഥാലയങ്ങളിലെ അന്തേവാസികളായ കുട്ടികള്‍ക്ക് നല്കാന് സാമൂഹ്യനീതി വകുപ്പ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ നിർദേശ പ്രകാരമാണ് യു എഇ കോൺസുലേറ്റ് വഴി ഈന്തപ്പഴം എത്തിച്ചത്. ഈന്തപ്പഴ വിതരണത്തിന്റെ മറവിൽ സ്വപ്ന സുരേഷും കൂട്ടുപ്രതികളും സ്വർണക്കളളക്കടത്ത് നടന്നോയെന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. ഈന്തപ്പഴ വിതരണത്തിലുണ്ടായ പ്രോട്ടോകോൾ ലംഘനവും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.
2017 മെയ് 26 ന് സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷും യു.എ.ഇ കോണ്‍സുല്‍ ജനറലും പങ്കെടുത്ത ചടങ്ങില്‍ മുഖ്യമന്ത്രിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. എന്നാല്‍ പദ്ധതി സംബന്ധിച്ച് യുഎഇ കോണ്‍സുലേറ്റുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായിരുന്ന ടി.വി അനുപമയുടെ മൊഴി ന്ൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരമായിരുന്നു സാമൂഹ്യനീതി വകുപ്പ് ചടങ്ങ് സംഘടിപ്പിച്ചെന്നും അനുപമ മൊഴി നൽകിയിരുന്നു. ഇതിന്റ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തത്.