Site icon Ente Koratty

തന്നെ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സ്വപ്ന സുരേഷ്

സ്പേസ് പാര്‍ക്കില്‍ നിയമനം ലഭിച്ചത് മുഖ്യമന്ത്രിക്ക് അറിയാമായിരുന്നുവെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കിയതായി എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റിന്‍റെ കുറ്റപത്രം. എം. ശിവശങ്കറുമായുളള അടുത്ത ബന്ധമാണ് ജോലി ലഭിക്കാന്‍ കാരണമായത്. ആറ് തവണ ശിവശങ്കറുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യമുണ്ടായിരുന്നെന്നും മൊഴിയില്‍ പറയുന്നു. മന്ത്രി കെ.ടി ജലീല്‍, ശിവശങ്കര്‍ എന്നിവരെ പ്രതിപ്പട്ടികയിലോ സാക്ഷി പട്ടികയിലോ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച 303 പേജുള്ള പ്രാഥമിക കുറ്റപത്രത്തിലാണ് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ സ്പേസ് പാര്‍ക്കിലെ നിയമനക്കാര്യം പരാമര്‍ശിക്കുന്നത്. തനിക്ക് സ്പേസ് പാര്‍ക്കില്‍ നിയമനം ലഭിച്ചത് മുഖ്യമന്ത്രിക്ക് അറിയാമായിരുന്നുവെന്ന് സ്വപ്ന മൊഴി നല്‍കിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സ്വപ്നയുടെ മൊഴിയിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ. ”യു.എ.ഇ കോണ്‍സുലേറ്റിലെ ജോലി നഷ്ടപ്പെട്ടതോടെ പുതിയ ജോലിക്കായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്‍റെ സഹായം തേടി. മുഖ്യമന്ത്രിയുമായി സംസാരിച്ച് വേണ്ടത് ചെയ്യാമെന്ന് ശിവശങ്കര്‍ ഉറപ്പ് നല്‍കി. ഇതിന് ശേഷമാണ് സ്പേസ് പാര്‍ക്കില്‍ ജോലി ലഭിക്കുന്നത്”.

മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ആറ് തവണ ശിവശങ്കറുമായി ഒദ്യോഗിക ആവശ്യങ്ങള്‍ക്കായി കൂടിക്കാഴ്ച നടത്തിയെന്നു മൊഴിയില്‍ പറയുന്നുണ്ട്.അതേ സമയം കേസുമായി ബന്ധപ്പെട്ട് നേരത്തെ ചോദ്യം ചെയ്തിരുന്ന മന്ത്രി കെടി ജലീല്‍,ശിവശങ്കര്‍ എന്നിവരെ പ്രതിപട്ടികയിലോ സാക്ഷി പട്ടികയിലോ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉള്‍പ്പെടുത്തിയിട്ടില്ല. സ്വപ്ന, സന്ദീപ്, സരിത്ത് എന്നീ പ്രതികള്‍ കള്ളപണം വെളുപ്പിച്ചതിന് തെളിവുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

സ്വപ്നക്ക് ശിവശങ്കര്‍ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. ശിവശങ്കറും ചാര്‍ട്ടേഡ് അക്കൌണ്ടന്‍റ് വേണുഗോപാലുമായുള്ള വാട്സ് ആപ്പ് സന്ദേശങ്ങളുമുണ്ട്. ചോദ്യം ചെയ്യലില്‍ ശിവശങ്കര് ഇതെകുറിച്ച് പറഞ്ഞിട്ടില്ല. അതിനാല്‍ ഇലക്ടോണിക് തെളിവുകളുടെ അടിസ്ഥാനത്തിലുള്ള അന്വോഷണം പൂര്‍ത്തീകരിച്ചാലേ ശിവശങ്കറിന്‍റെ പങ്ക് പൂര്‍ണമായും തെളിയൂവെന്നും കുറ്റപത്രത്തില്‍ പറയുന്നു. പ്രതികള്‍ക്കെതിരെ കള്ളപണം വെളിപ്പുക്കല്‍ നിരോധന നിയമപ്രകാരമുള്ള കുറ്റം തെളിഞ്ഞിട്ടുണ്ടന്നും അതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ച പരിഗണിക്കും.

Exit mobile version