Site icon Ente Koratty

മന്ത്രി കെ.ടി ജലീലിന് കോവിഡ് സ്ഥിരീകരിച്ചു; കോവിഡ് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ മന്ത്രി

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് കെ.ടി ജലീൽ. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥരോടും മന്ത്രിയുമായി അടുത്തിടപഴകിയവരോടും നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, ഇന്ന് മന്ത്രി എം.എം മണിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മന്ത്രി മണിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നേരത്തെ മന്ത്രിമാരായ വി.എസ് സുനിൽ കുമാർ, തോമസ് ഐസക്ക്, ഇ.പി ജയരാജൻ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന മന്ത്രി വി.എസ് സുനിൽകുമാർ കഴിഞ്ഞദിവസമാണ് കോവിഡ് മുക്തി നേടിയതിനെ തുടർന്ന് ആശുപത്രി വിട്ടത്.

മന്ത്രി എം എം മണിയെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്നെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മറ്റ് ചില ആരോഗ്യപ്രശ്നങ്ങൾ കൂടിയുള്ളതിനാൽ മന്ത്രി മണിക്ക് അതീവ ശ്രദ്ധയും പരിചരണവും ആവശ്യമുണ്ട്. സംസ്ഥാനത്ത് ഏറ്റവുമാദ്യം കോവിഡ് ബാധിച്ച മന്ത്രി, ധനമന്ത്രി തോമസ് ഐസക്ക് ആയിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം കോവിഡ് മുക്തി നേടിയതിനെ തുടർന്ന് ആശുപത്രി വിട്ടിരുന്നു.

തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മന്ത്രി ഇ.പി ജയരാജനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇരുവരും കോവിഡ് നെഗറ്റീവ് ആയതിനെ തുടർന്ന് ഡിസ്ചാർജ് ആയിരുന്നു. എം എൽ എമാരായ സി.കെ ഹരീന്ദ്രൻ, ചിറ്റയം ഗോപകുമാർ, പുരുഷൻ കടലുണ്ടി, റോഷി അഗസ്റ്റിൻ, സണ്ണി ജോസഫ് എന്നിവർക്കും എൻ കെ പ്രേചന്ദ്രൻ എം.പിക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടയിലാണ് പാറശാല എംഎൽഎയും സിപിഎം നേതാവുമായ സി.കെ ഹരീന്ദ്രനും ഭാര്യയ്ക്കും കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. കേരള കോൺഗ്രസ് നേതാവും എം എൽ എയുമായ റോഷി അഗസ്റ്റിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതോടെ എം എൽ എയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച നിരീക്ഷണത്തിലിരിക്കവെ നടത്തിയ പരിശോധനയിൽ ആയിരുന്നു എം എൽ എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

പേരാവൂർ എം എൽ എ സണ്ണി ജോസഫ്, ബാലുശ്ശേരി എം എൽ എ പുരുഷൻ കടലുണ്ടി, അടൂർ എം എൽ എ ചിറ്റയം ഗോപകുമാർ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഡൽഹിയിൽ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ എൻ.കെ പ്രേമചന്ദ്രൻ എം.പിക്കും കോവിഡ് സ്ഥിരീകരിച്ചു. തൊണ്ടവേദനയും പനിയും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Exit mobile version