Site icon Ente Koratty

ആർ.എൽ.വി രാമകൃഷ്ണൻ്റെ ആത്മഹത്യാ ശ്രമം; ഉത്തരവാദി സംസ്ഥാന സർക്കാരെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ ആത്മഹത്യക്കു ശ്രമിച്ചതിനുത്തരവാദി സംസ്ഥാന സർക്കാരാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കേരള സംഗീത നാടക അക്കാദമി ഭരണസമിതിയുടെ ജാതിവിവേചനമാണ് രാമകൃഷ്ണനെ ആത്മഹത്യശ്രമത്തിന് പ്രേരിപ്പിച്ചത്. പട്ടികജാതിക്കാരനായതു കൊണ്ടാണ് അദ്ദേഹത്തിന് അവഗണന നേരിടേണ്ടി വന്നത്. പട്ടിക ജാതി വർഗ അതിക്രമ നിരോധന നിയമ പ്രകാരം ഇവർക്കെതിരെ കേസെടുക്കണമെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

നിരവധി പ്രതിഷേധങ്ങൾ സംഗീത നാടക അക്കാദമിക്ക് മുന്നിൽ നടന്നിട്ടും അവർ കണ്ട ഭാവം നടിച്ചില്ല. സാംസ്‌കാരിക വകുപ്പും പട്ടികജാതി കലാകാരനെ അവഹേളിക്കുകയായിരുന്നു. സാംസ്‌കാരിക പട്ടികജാതി വകുപ്പ് മന്ത്രി എ.കെ ബാലൻ ഈ സംഭവത്തിൽ നിരുത്തരവാദ നിലപാടാണ് സ്വീകരിച്ചതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ആർ എൽ വി രാമകൃഷ്ണനെ അമിതമായ തോതിൽ ഉറക്കഗുളിക കഴിച്ച നിലയിൽ രാമകൃഷ്ണനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. കലാഭവൻ മണിയുടെ കലാഗ്രാമത്തിൽ അവശനിലയിൽ കണ്ടെത്തിയ രാമകൃഷ്ണനെ സുഹൃത്തുക്കളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേരള സംഗീത നാടക അക്കാദമിയിൽ  മോഹിനിയാട്ടം അവതരിപ്പിക്കാൻ അവസരം നിഷേധിക്കപ്പെട്ടതിൽ രാമകൃഷ്ണൻ കുറച്ച് ദിവസങ്ങളായി ദു:ഖിതനായിരുന്നു.

കോവിഡിൻ്റെ പശ്ചാത്തലത്തിൽ അക്കാഡമിയിൽ നടക്കാൻ പോകുന്ന ഓൺലൈൻ നൃത്ത പരിപാടിയിൽ പങ്കെടുക്കാൻ രാമകൃഷ്ണൻ അപേക്ഷ നൽകിയിരുന്നു. എന്നാൽ രാമകൃഷ്ണൻ്റെ അപേക്ഷ സ്വീകരിച്ചില്ലെന്നാണ് ആരോപണം. തുടർന്ന് അക്കാദമി ചെയർപേഴ്സൺ കെ.പി.എ.സി ലളിതയെ രാമകൃഷ്ണൻ ബന്ധപ്പെട്ടു.  അക്കാദമിയിലെത്തിയ കെ.പി.എ.സി ലളിത സെക്രട്ടറി കെ രാധാാകൃഷ്ണൻ നായരെ കണ്ടു സംസാരിച്ചെന്നും  രാമകൃഷ്ണൻ പറഞ്ഞിരുന്നു.

“നാല് വർഷമായി അക്കാദമി മികച്ച രീതിയിൽ പ്രവർത്തിക്കുകയാണെന്നും രാമകൃഷ്ണന് അവസരം നൽകിയാൽ വിമർശനത്തിന് ഇടയാക്കുമെന്നും ” കെ രാധാകൃഷ്ണൻ നായർ പറഞ്ഞഞതായി കെ പി എ സി ലളിത തന്നോട് വെളിപ്പെടുത്തിയെന്നും രാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. സംഭവം വിവാദമായതോടെ കെ.പി.എ.സി ലളിത ഇന്ന് പത്രക്കുറിപ്പ് ഇറക്കി. സത്യവിരുദ്ധമായ പ്രസ്താവനയാണ് രാമകൃഷ്ണൻ നടത്തുന്നതെന്നാണ് പത്രക്കുറിപ്പിൽ പറയുന്നത്. രാമകൃഷ്ണന് വേണ്ടി സെക്രട്ടറിയുമായി സംസാരിച്ചിട്ടില്ലെന്നും നൃത്ത പരിപാടിക്ക് അപേക്ഷ ക്ഷണിച്ചിട്ടില്ലെന്നുമായിരുന്നു പത്രക്കുറിപ്പിൻ്റെ ഉള്ളടക്കം.

Exit mobile version