Site icon Ente Koratty

സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഐഫോൺ വാങ്ങിയതിന്റെ ബില്ല് പുറത്ത്

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐ ഫോണ്‍ സമ്മാനിച്ചെന്ന  യൂണിടാക് എംഡി  സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഫോണുകള്‍ വാങ്ങിയതിന്റെ ബില്ലും പുറത്ത്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകുമ്പോള്‍  ആറ് രേഖകള്‍ ഹാജരാക്കാന്‍ ലൈഫ് മിഷന്‍ സി ഇ ഒയോട് സിബിഐ ആവശ്യപ്പെട്ടു.

യുഎഇ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ചടങ്ങിലെ അതിഥികള്‍ക്ക് സമ്മാനിക്കാനായി സ്വപ്നയ്ക്ക് അഞ്ച് ഐ ഫോണ്‍ നല്‍കിയെന്നാണ് സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയത്.  ഇതില്‍ ഒന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നല്‍കിയെന്നും കോടതിയില്‍ സന്തോഷ് ഈപ്പന്‍ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് 2019 നവംബര്‍ 29 ന് കൊച്ചിയിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 6 മൊബൈല്‍ ഫോണ്‍ യുണിടാക് വാങ്ങിയതിന്റെ ബില്ല് പുറത്ത് വന്നത്.

ആറ് മൊബൈല്‍ ഫോണുകള്‍ക്കായി 3,93,000 രൂപയാണ് ബിൽ തുക. തിങ്കളാഴ്ച ചോദ്യം ചെയ്യലിനായി രാവിലെ 11 മണിക്ക് ഹാജരാകുമ്പോള്‍ 6 രേഖകള്‍ കൂടി ഹാജരാക്കണമെന്നാണ് ലൈഫ് മിഷന്‍ സിഇഒയോട് സിബിഐ ആവശ്യപ്പെട്ടിട്ടുള്ളത്. ഇനി പറയുന്ന രേഖകള്‍ ഹാജരാക്കാനാണ് സിബിഐ ആവശ്യപ്പെട്ടിട്ടുള്ളത്.

1. റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരണാപത്രം
2. ലൈഫ് മിഷന്റെ ഭാഗമായുള്ള വടക്കാഞ്ചേരിയിലെ വീടുകളും ഹെല്‍ത്ത് സെന്ററും സംബന്ധിച്ച വിവരങ്ങള്‍
3. പദ്ധതിക്കായി വടക്കാഞ്ചേരിയിലെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍
4. വടക്കാഞ്ചേരി നഗരസഭ, കെ എസ് ഇ ബി എന്നിവയുടെ  ഈ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍
5. ലൈഫ് മിഷന് ജില്ലാ കോഓര്‍ഡിനേറ്ററും ലൈഫ് മിഷൻ പദ്ധതിയുമായുള്ള ബന്ധം
6.  യൂണിടാക്കും സെയ്ന്റ് വെഞ്ചേഴ്‌സും ലൈഫ് മിഷനുമായി നടത്തിയിട്ടുള്ള ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍.

Exit mobile version