Site icon Ente Koratty

നിരോധനാജ്ഞ പ്രഖ്യാപിച്ചത് സമരങ്ങളെ ഇല്ലാതാക്കാനെന്ന് കെ മുരളീധരന്‍ എംപി

സംസ്ഥാനത്തുടനീളം നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെതിരെ കെ മുരളീധരന്‍ എംപി. സമരങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് സർക്കാര്‍ നടത്തുന്നത്. കണ്ടെയിന്‍മെന്റ് സോണിന് പുറത്ത് നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാറിന് കഴിയില്ലെന്നും കെ മുരളീധരന്‍ എം.പി പറഞ്ഞു.

കോവിഡ് പ്രതിരോധത്തിനായാണ് സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നാളെ മുതല്‍ ഒരു മാസത്തേക്കാണ് നിരോധനാജ്ഞ. അഞ്ച് പേരില്‍ കൂടുതല്‍ ഒത്തുചേരുന്നത് വിലക്കിയാണ് ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവിറക്കിയത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലായിരുന്നു സര്‍ക്കാരിന്‍റെ നടപടി. സി.ആര്‍.പി.സി 144 പ്രകാരമാണ് നടപടി.

കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ രോഗവ്യാപനം പിടിച്ചുനിര്‍ത്താനാണ് കര്‍ശന നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടന്നത്. സമ്പര്‍ക്കവ്യാപനം തടയാന്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക മാത്രമാണ് പോംവഴി. ഇത് കണക്കിലെടുത്താണ് നിരോധനാജ്ഞ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് കളക്ടര്‍മാര്‍ക്ക് കൂടുതല്‍ നടപടികളെടുക്കാമെന്നും നിര്‍ദേശമുണ്ട്.

Exit mobile version