പ്രതിപക്ഷനേതാവിന് ഫോണ്‍ നല്‍കിയെന്ന യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍ നിഷേധിച്ച് രമേശ് ചെന്നിത്തല. ആരില്‍ നിന്നും ഐഫോണ്‍ വാങ്ങിയിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. തനിക്ക് ഐഫോണ്‍ ലഭിച്ചെന്ന പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
2019 ഡിസംബര്‍ രണ്ടിന് യുഎഇ ദിനപരിപാടിയില്‍ പങ്കെടുത്തിരുന്നു. യുഎഇ ദിനത്തില്‍ അവിടെ പോയെന്ന കുറ്റം മാത്രമാണ് താന്‍ ചെയ്തത്. അവിടെ നറുക്കെടുപ്പില്‍ വിജയിച്ചവര്‍ക്ക് സമ്മാനം കൊടുത്തിരുന്നു. ദുബെെയില്‍ പോയപ്പോള്‍ ഭാര്യയ്ക്കും തനിക്കുമായി രണ്ടു ഫോണുകള്‍ വാങ്ങി. അല്ലാതെ ആരില്‍ നിന്നും ഒന്നും വാങ്ങിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ സിപിഎം സൈബര്‍ ഗുണ്ടകള്‍ ആക്രമണം നടത്തുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ചീപ്പായ പ്രചാരണങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മനുഷ്യനെ വഷളാക്കുന്നതിന് പരിധിയുണ്ട്. സര്‍ക്കാരിനെതിരായ പോരാട്ടം ശക്തമായി തന്നെ തുടരും. ഐഫോണ്‍ വാങ്ങിയെന്ന പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
രമേശ് ചെന്നിത്തലക്ക് സ്വപ്ന സുരേഷ് ഐഫോണ്‍ നല്‍കിയെന്ന് യൂണിടാക് എം.ഡി സന്തോഷ് ഈപ്പന് ഹൈക്കോടതിയില്‍ ഹരജിയില്‍ പറഞ്ഞിരുന്നു. ലൈഫ് മിഷനില്‍ സ്വപ്നക്കും സന്ദീപ് നായര്‍ക്കും കൈക്കൂലി നല്‍കിയെന്നും യൂണിറ്റാക് എം.ഡി. ലൈഫ് മിഷൻ ഇടപാടുമായി ബദ്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹരജിയിലാണ് ചെന്നിത്തലക്കെതിരെ ആരോപണമുള്ളത്. ഫോൺ വാങ്ങിയതിന്റെ ബില്ലും സന്തോഷ് ഈപ്പൻ കോടതിക്ക് കൈമാറി.