Site icon Ente Koratty

ലൈഫ് മിഷന്‍ പദ്ധതിയില്‍ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ലൈഫ് മിഷന് എതിരായ സി.ബി.ഐ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. സി.ബി.ഐ അന്വേഷണം നിയമവിരുദ്ധവും, നിയമവ്യവസ്ഥയെ അപഹസിക്കുന്നത് ആണെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ആരോപിച്ചു.

വളരെ തിടുക്കപ്പെട്ട് പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചത്, പിന്നില്‍ മറ്റു താല്‍പ്പര്യങ്ങളുണ്ട്. വിദേശ സംഭാവന സ്വീകരിക്കുന്ന ചട്ടം അനുസരിച്ചാണ് സി.ബി.ഐ കേസെടുത്തിട്ടുള്ളത്. എന്നാല്‍ അത്തരം ചട്ടം ലൈഫ് മിഷന്‍ പദ്ധതിയ്ക്ക് ബാധകമാകില്ല. യൂണിടാകും റെഡ് ക്രസന്റും തമ്മിലാണ് കരാര്‍. റെഡ് ക്രസന്റില്‍ നിന്നും പണം സ്വീകരിച്ച് യൂണിടാക്കാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറഞ്ഞു.

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്സിആർഐ) 35–ാം വകുപ്പും ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഗൂഢാലോചന കുറ്റവും ചുമത്തിയാണ് സിബിഐ അന്വേഷണം നടത്തുന്നത്. ചട്ടങ്ങൾ മറികടന്ന് വിദേശ സഹായം കൈപ്പറ്റുന്നത് 5 വർഷം വരെ തടവുശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റമാണ്. അനിൽ അക്കര എംഎൽഎയുടെ പരാതിയിലാണ് സിബിഐ കേസെടുത്തത്.

ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസിനെ അടുത്ത തിങ്കളാഴ്ച ചോദ്യം ചെയ്യാന്‍ സി.ബി.ഐ വിളിപ്പിച്ചതിനിടെയാണ് സര്‍ക്കാരിന്റെ നീക്കം.

Exit mobile version