മലപ്പുറം: മൂന്ന് ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഗർഭിണിയുടെ ഇരട്ടകുട്ടികൾ മരിച്ച സംഭവത്തിൽ വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന വിശദീകരണവുമായി മഞ്ചേരി മെഡിക്കൽ കോളജ്. ഗർഭിണിയുടെ ബന്ധുക്കളാണ് ഡിസ്ചാർജ് വാങ്ങി കോട്ടപ്പറമ്പ് ആശുപത്രിയിലേക്ക് പോയതെന്നും ആംബുലൻസ് ഒരുക്കി നൽകാമെന്ന് പറഞ്ഞെങ്കിലും അവർ അത് സ്വീകരിച്ചില്ലെന്നും മെഡിക്കൽ കോളജ് അധികൃതർ പറയുന്നു.
മെഡിക്കൽ കോളജിൽ രൂപീകരിച്ച അഭ്യന്തര കമ്മിറ്റി ആണ് റിപ്പോർട്ട് തയ്യാറാക്കിയത്. ശനിയാഴ്ച പുലർച്ചെ കൊണ്ടോട്ടി സ്വദേശിയായ യുവതിയും ഭർത്താവും ആശുപത്രിയിൽ വന്നപ്പോൾ തന്നെ പരിശോധന നടത്തിയിരുന്നു. 10 മണിയോടെ വീണ്ടും പരിശോധിച്ച് അഡ്മിറ്റ് ചെയ്യാൻ നിർദേശിച്ചു. എന്നാല്‍ മഞ്ചേരിയിൽ അഡ്മിഷൻ വേണ്ടെന്ന് പറഞ്ഞ് ഇവർ കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രിയിലേക്ക് പോകുക ആയിരുന്നുവെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. പി.ശശി പറഞ്ഞു.
ഒരു തരത്തിലും ഒരു പിഴവും മെഡിക്കൽ കോളജ് അധികൃതർക്ക് സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് ആരോഗ്യവകുപ്പിന് കൈ മാറിയിട്ടുള്ളത്. എന്നാല്‍ ഈ റിപ്പോർട്ട് കള്ളമാണെന്ന് കുട്ടികളുടെ അച്ഛൻ ഷരീഫ് പ്രതികരിച്ചു. മെഡിക്കൽ കോളജ് സൂപ്രണ്ട് ആണ് ഇതിൽ ഒന്നാം പ്രതിയെന്നും, മന്ത്രി തന്നെ കേൾക്കാൻ തയ്യാറായില്ലെന്നും ഷരീഫ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ആണ് കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് ഷരീഫിന്റെ ഭാര്യയിൽ നിന്നും ജീവൻ നഷ്ടമായ കുഞ്ഞുങ്ങളെ പുറത്തെടുത്തത്. മഞ്ചേരി മെഡിക്കൽ കോളജ് അടക്കം വിവിധ ആശുപത്രികൾ ചികിത്സ നൽകാത്തത് ആണ് കുട്ടികൾ മരിക്കാൻ കാരണം എന്നാണ് ഷരീഫിന്റെ പരാതി.