സര്‍ക്കാറിനെതിരായ പ്രത്യക്ഷ സമര പരിപാടികൾ യു.ഡി.എഫ് അവസാനിപ്പിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. കോവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം. സര്‍ക്കാരിനെതിരായ പ്രതിഷേധമുണ്ടാകുമെങ്കിലും ആള്‍ക്കൂട്ട പരിപാടികള്‍ ഉണ്ടാവില്ല. ഇക്കാര്യങ്ങള്‍ ഘടക കക്ഷികളുമായി സംസാരിച്ചുവെന്നും ചെന്നിത്തല പറഞ്ഞു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രമേ സമരങ്ങൾ ഇനി സാധ്യമാകൂവെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യമാണുള്ളത്. വയോജനങ്ങളുടെ എണ്ണം, ജനസാന്ദ്രത എന്നിവ കൂടുതലായതുകൊണ്ട് കേരളത്തില്‍ ഇനിയുള്ള ദിവസങ്ങളില്‍ അതിജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രിയും ആരോഗ്യപ്രവര്‍ത്തകരും മുന്നറിയിപ്പ് നല്കുകയുണ്ടായി. സമരങ്ങളില്‍ പങ്കെടുത്തവരില്‍ പലര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ സര്‍ക്കാര്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. പ്രതിപക്ഷം വൈറസിന് പടരാന്‍ സാഹചര്യമൊരുക്കുകയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച ചെയ്ത് ആള്‍ക്കൂട്ട സമരങ്ങള്‍ തത്കാലം നിര്‍ത്താന്‍ തീരുമാനിച്ചത്. ഘടക കക്ഷികളും അനുകൂലമായി പ്രതികരിച്ചു. ഇതോടെ യുഡിഎഫ് വിദ്യാര്‍ഥി, യുവജന സംഘടനകളുടെ പ്രതിഷേധം ഉള്‍പ്പെടെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മാത്രമേ ഇനി നടത്തൂ.